ഓണാവേശം വാനോളം:കോവൂരിൽകുട്ടിക്കരടികളിറങ്ങി

Advertisement

ശാസ്താംകോട്ട :”കാട്ടിൽ കിടന്നൊരു കള്ളക്കരടിയെ
കൂട്ടിലാക്കി ഞങ്ങൾ കൊണ്ടുവന്നു.. കരടിക്ക്പാരം വിശപ്പുതോന്നി ഇതാ ഞങ്ങളെത്തിന്നാനടുത്തിടുന്നേ..

ഓണ നിലാവ് പരക്കുമ്പോൾ നമ്മുടെ നാട്ടുവഴികളെ ഒന്നാകെ ഉണർത്തി ആഘോഷത്തി മിർപ്പിലാക്കിയിരുന്ന പാട്ടാണിത്. കാലത്തിന്റെ ഒഴുക്കിൽ ആഘോഷങ്ങൾക്ക് മാറ്റം വന്നപ്പോൾ നമ്മുടെ ഇടവഴികളിൽ നിന്ന് മറഞ്ഞ കരടികളി എന്ന ഓണാഘോഷത്തിന്റ പാട്ട്. പുതിയ തലമുറയിലെ കുട്ടികൾക്ക് മുതിർന്നവർ പറഞ്ഞു കൊടുക്കുന്ന കഥകളിൽ നിറഞ്ഞാടിയ പുലികൾ കോവൂർ ഗവ. എൽ പി സ്കൂളിലെ കുട്ടി കൂട്ടത്തിലേക്ക് ഇറങ്ങിയാടിയപ്പോൾ ഓണാഘോഷം വാനോളം.

ഈർക്കിൽ കളഞ്ഞ തെങ്ങോലയും ഉണങ്ങിയ വാഴയിലയും ദേഹത്ത് കെട്ടി കരടിത്തലയും അണിഞ്ഞെത്തിയ കുട്ടികരടികൾ കളത്തിലിറങ്ങിയപ്പോൾ ചായം തേച്ചു തോക്കെന്തി വേട്ടക്കാരും. ആവേശത്തിന് പാട്ടുകാരും. കുട്ടികളിൽ നാടൻ കലാ വിജ്ഞാനം പകരുന്നതിനും നാട്ടിടങ്ങൾക്ക് കൈമോശം വന്ന കലാ രൂപങ്ങളെ പരിപോഷിപ്പിക്കുന്നതിനുമായി കേന്ദ്ര സാംസ്‌കാരിക വകുപ്പ് ഫോക് ലോർ ഫെല്ലോഷിപ്
ജേതാവും, പൊതുപ്രവർത്തകനുമായ ഉല്ലാസ് കോവൂരിന്റെ നേതൃത്വത്തിലാണ് കോവൂർഗവ. എൽ പി സ്കൂളിൽ കരടികളി ആസ്വാദക്കളരി സംഘടിപ്പിച്ചത്. പന്മന, വടക്കുംതല മിത്രം നാട്ടുകൂട്ടത്തിലെ എം ആർ അരവിന്ദനും സംഘവുമാണ്
കരടികളിക്ക് നേതൃത്വം നൽകിയത് . നാടൻപാട്ട് കലാകാരൻ സുനിൽ വള്ളോന്നി, എസ് എം സി ചെയർമാൻ എം കെ പ്രദീപ്, പ്രഥമാധ്യാപിക ഐ ബീന, അൻവർ ഇസ്മയേൽ എന്നിവർ പങ്കെടുത്തു.

Advertisement