ചവറ. അലർട്ട് കൺട്രോളിൽ നിന്നുള്ള പരാതി അന്വേഷിക്കാൻ വീട്ടിലെത്തിയ ചവറ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് S.I ഗ്രേഷ്യസിനെയും സിപിഒ ജയകൃഷ്ണനെയും മർദ്ദിച്ച സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്തു.പ്രവാസിയായ ചവറ തട്ടാക്കുന്നേൽ വീട്ടിൽ റഫീക്കിനെയും പ്രായപൂർത്തിയാകാത്ത സഹോദര പുത്രനെയുമാണ് കസ്റ്റഡിയിലെടുത്തത്.
കരുനാഗപ്പള്ളി മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ ഒന്നാം പ്രതിക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.പ്രതിക്ക് വേണ്ടി അഡ്വ.ദീപക് അനന്തൻ ഹാജരായി.
പ്രതിയുടെ സഹോദരനെതിരെ അയൽവാസിയായ സ്ത്രീ പരാതി നൽകിയിരുന്നു. സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുന്നതിന് പകരം രാത്രിയിൽ പോലീസ് വീട്ടിലെത്തി നിരപരാധികളെ തല്ലിച്ചതക്കുകയാണ് ഉണ്ടായതെന്ന് പ്രതിയുടെ ബന്ധുക്കൾ ആരോപിച്ചു.
രണ്ട് ദിവസം മുൻപ് മാത്രമാണ് ഓണാവധിക്കായി റഫീക്ക് നാട്ടിലെത്തിയത്.മൈനറായ രണ്ടാം പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത് ലോക്കപ്പിലിട്ട് ക്രൂരമായി മർദ്ദിച്ചതിന് ശേഷമാണെന്നും കുട്ടി ആശുപത്രിയിൽ ചികിൽസയിലാണെന്നും പോലീസ് അതിക്രമത്തിനെതിരെ ഡി.ജി.പിക്ക് പരാതി നൽകുമെന്നും അവർ പറഞ്ഞു.