പരവൂര്‍: ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് പരവൂര്‍ സ്വദേശിനിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത പ്രതി പിടിയില്‍. ബാംഗ്ലൂര്‍ സ്വദേശിയായ ശരത്തി (30)നെയാണ് ആലപ്പുഴയിലെ തുമ്പോളിയില്‍ നിന്ന് പരവൂര്‍ പൊലീസ് പിടികൂടിയത്. പരവൂര്‍ സ്വദേശിനി റസീനയാണ് തട്ടിപ്പിനിരയായത്. ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴി റസീനയുമായി ബന്ധം സ്ഥാപിച്ച പ്രതി ലക്ഷങ്ങള്‍ വേതനം ലഭിക്കുന്ന തൊഴില്‍ ലഭിക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. ഇവരെ പ്രലോഭിപ്പിക്കാന്‍ വേണ്ടി പ്രതി ചെറിയ തരത്തിലുള്ള ഓണ്‍ലൈന്‍ ജോലികള്‍ ചെയ്യിക്കുകയും തുച്ഛമായ തുകകള്‍ പലപ്പോഴായി വേതനം നല്കുകയും ചെയ്തിരുന്നു. തൊഴില്‍ ലഭിക്കണമെങ്കില്‍ ഓണ്‍ലൈന്‍ ടാസ്‌കുകളില്‍ പങ്കെടുക്കണമെന്നും പണം മുന്‍കൂറായി കെട്ടിവയ്ക്കണമെന്നും പറഞ്ഞ് പലപ്പോഴായി പത്ത് ലക്ഷത്തി തൊണ്ണൂറായിരം രൂപയാണ് തട്ടിയെടുത്തത്. തുടര്‍ന്ന് റസീന പരവൂര്‍ പൊലീസില്‍ പരാതി നല്കി.
പൊലീസ് അന്വേഷണത്തില്‍ സമാന രീതിയിലെ തട്ടിപ്പ് ആലപ്പുഴ ജില്ലയില്‍ നടന്നതായി കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് ആന്ധ്രാ സ്വദേശിയും ബ്ലാംഗ്ലൂരില്‍ സ്ഥിര താമസക്കാരനുമായ ശ്രീധര്‍ എന്നയാളെ ആലപ്പുഴ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നാം പ്രതിയായ ശ്രീധറിനെ ചോദ്യം ചെയ്തതിലും തുടര്‍ന്ന് നടത്തിയ കൂടുതല്‍ അന്വേഷണത്തിലും ശരത്ത് കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തി. കേസില്‍ ഇയാളെ രണ്ടാം പ്രതിയാക്കി. ഇതറിഞ്ഞ ശരത്ത് ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയെങ്കിലും പരവൂരില്‍ കേസ് ഉള്ള വിവരം ഇയാള്‍ അറിഞ്ഞിരുന്നില്ല. മുന്‍കൂര്‍ ജാമ്യം ലഭ്യമായതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പ്രതി എത്തിയപ്പോഴാണ് പൊലീസ് ആലപ്പുഴയിലെത്തി ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എസ്എച്ച്ഒ ദീപുവിന്റെ നിര്‍ദേശാനുസരണം സബ് ഇന്‍സ്പെക്ടര്‍ ബിജു, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ നെല്‍സണ്‍, അനൂപ് കൃഷ്ണന്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.