കണ്ണീരണിഞ്ഞ് നാട്;കുഞ്ഞുമോൾക്ക് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത് ആയിരങ്ങൾ

Advertisement


ശാസ്താംകോട്ട:വടക്കൻ മൈനാഗപ്പള്ളി പഞ്ഞിപ്പുല്ലും വിളയിൽ വീട്ടിൽ നൗഷാദിൻ്റെ ഭാര്യ കുഞ്ഞുമോളുടെ (45) ആകസ്മിക വേർപാടിൽ നാട് കണ്ണീരണിഞ്ഞു.കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ഇന്നലെ വൈകിട്ട് 6 ഓടെ മൃതദേഹം വീട്ടിലെത്തിച്ചു.സമൂഹത്തിൻ്റെ നാനാതുറകളിലുള്ള നൂറുകണക്കിനാളുകൾ കുഞ്ഞുമോൾക്ക് യാത്രാമൊഴിയേകാൻ പഞ്ഞിപ്പുല്ലും വിളയിൽ വീട്ടിൽ എത്തിയിരുന്നു.അന്തിമോപചാരം അർപ്പിക്കാനെത്തിയവർക്ക് പോലും കരച്ചിൽ നിയന്ത്രിക്കാനായില്ല.

കൊല്ലം നഗരത്തിലെ ചുമട്ടുതൊഴിലാളിയായ ഭർത്താവ് നൗഷാദിനെയും പെൺമക്കളെയും ആശ്വസിപ്പിക്കാൻ ബന്ധുക്കളും പരിസരവാസികളും ഏറെ ബുദ്ധിമുട്ടി.അപകടത്തിൽ സാരമായി പരിക്കേറ്റ ഭർതൃസഹോദരൻ്റെ ഭാര്യ ഫൗസിയ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് വാങ്ങി കുഞ്ഞുമോളെ അവസാനമായി ഒരു നോക്ക് കാണാനെത്തിയത് നൊമ്പരക്കാഴ്ചയായി.വീട്ടിൽ ഒരു മണിക്കൂറോളം പൊതുദർശനത്തിനു വച്ച ശേഷം മൃതദേഹം വടക്കൻ മൈനാഗപ്പള്ളി മുസ്ലീം ജമാഅത്ത് ഖബർസ്ഥാനിൽ കബറടക്കി.

പെൺമക്കളുടെ വിവാഹ ശേഷം നൗഷാദും കുഞ്ഞുമോളും മാത്രമാണ് വീട്ടിലുള്ളത്.പകൽ നേരത്തെ വിരസതയകറ്റാൻ വീടിനു സമീപം ചെറിയൊരു കടയും കുഞ്ഞുമോൾ നടത്തി വരുന്നുണ്ടായിരുന്നു.വീടിൻ്റെ അടുത്തായി താമസിക്കുന്ന മൂത്ത മകൾ സൂഫിയ എല്ലാ ദിവസവും വിശേഷങ്ങൾ അറിയാൻ കുടുംബ വീട്ടിൽ എത്തുമായിരുന്നു.തിരുവോണ ദിവസമായ ഞായറാഴ്ച വൈകിട്ട് 5.15 ഓടെ മദ്യലഹരിയിൽ ഇടക്കുളങ്ങര പുന്തല തെക്കതിൽ മുഹമ്മദ് അജ്മൽ (29) ഓടിച്ച കാർ സ്കൂട്ടറിൽ ഇടിച്ചാണ് കുഞ്ഞുമോൾ മരിച്ചത്.ഭർതൃസഹോദരൻ്റെ ഭാര്യ ഫൗസിക്കൊപ്പം സ്കൂട്ടറിൽ ആനൂർക്കാവ് ജംഗ്ഷനിലെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇവരെ അമിത വേഗതയിലെത്തിയ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.വീട്ടിലേക്ക് മടങ്ങാൻ ഇവർ സഞ്ചരിച്ച സ്കൂട്ടർ റോഡ് കോസ് ചെയ്യന്നതിനിടയിൽ സോമവിലാസം ചന്ത ഭാഗത്ത് നിന്ന് വന്ന  കാർ ഇരുവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ ഓടിച്ചിരുന്ന ഫൗസിയ തെറിച്ച് റോഡിൻ്റെ സൈഡിലേക്കു വീണു.കാറിൻ്റെ ബോണറ്റിലേക്ക് വീണ കുഞ്ഞുമോൾ തെറിച്ച് കാറിൻ്റെ മുൻപിലെ ടയറിൻ്റെ അടിയിലേക്ക് വീഴുകയായിരുന്നു.രക്ഷാപ്രവർത്തനത്തിന് നാട്ടുകാർ  ഓടിയെത്തിയപ്പോൾ ഡ്രൈവർ വാഹനം പിറകോട്ട് എടുത്ത ശേഷം കുഞ്ഞുമോളുടെ ശരീരത്തിലൂടെ  കയറ്റിയിറക്കി ഓടിച്ചു പോകുകയായിരുന്നു.കുഞ്ഞുമോളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാൻ കഴിഞ്ഞില്ല.വാഹനം ഓടിച്ചിരുന്നയാളും കൂടെയുണ്ടായിരുന്ന യുവതിയും മദ്യലഹരിയിലായിരുന്നു.നിർത്താതെ പോയ കാർ പിന്നീട് കരുനാഗപ്പള്ളി റെയിൽവേ സ്‌റ്റേഷൻ ഭാഗത്ത് മതിൽ ഇടിച്ച് തകർത്ത് നിൽക്കുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന അജ്മലിൻ്റെ പെൺസുഹൃത്ത് കരുനാഗപ്പള്ളിയിൽ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ നെയ്യാറ്റിൻകര സ്വദേശി ശ്രീക്കുട്ടിയെ നാട്ടുകാർ തടഞ്ഞുവച്ച് പോലീസിൽ കൈമാറിയിരുന്നു.തുടർന്ന് കാർ ഉപേക്ഷിച്ച് മതിൽ ചാടി രക്ഷപ്പെട്ട അജ്മലിനെ ഇന്നലെ പുലർച്ചെ പതാരത്ത് വച്ച് പോലിസ് പിടികൂടുകയായിരുന്നു.പതാരത്ത് ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം ഒളിവിൽ പോകാനുള്ള ശ്രമത്തിനിടയാണ് അജ്മൽ പിടിയിലായത്.ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

Advertisement