ശാസ്താംകോട്ട:മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ തിരുവോണ ദിവസം വൈകുന്നേരം നടന്ന ദാരുണമായ വാഹനാപകടത്തിൽ കൊല്ലപ്പെട്ട പഞ്ഞിപുല്ലുംവിളയില്‍ കുഞ്ഞുമോളുടെ വീട്ടിൽ കൊടിക്കുന്നിൽ സുരേഷ് എം.പി സന്ദർശനം നടത്തി.മക്കളെയും ഭർത്താവിനെയും മറ്റ് ബന്ധുക്കളെയും അദ്ദേഹം ആശ്വസിപ്പിച്ചു.അപകടസ്ഥലത്ത് എത്തിയ എം.പി പ്രദേശവാസികളുമായി സംസാരിച്ച് അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞു.അപകടത്തിൽ പ്രതികളായ യുവാവും സഹയാത്രികയായ ഡോക്ടറും മദ്യപിച്ച് കാർ ഓടിച്ച സംഭവത്തിൽ തങ്ങളുടെ മൃഗീയമായ പ്രവൃത്തിക്ക് യാതൊരു വിധത്തിലുമുള്ള സംരക്ഷണവും നൽകാതെ കുറ്റമറ്റ അന്വേഷണത്തിനായി പോലീസിന്റെ ഭാഗത്തു നിന്നും ഉടൻ നടപടികൾ കൈക്കൊള്ളണം.അപകടവുമായി ബന്ധപ്പെട്ട സാക്ഷികളും തെളിവുകളും വ്യക്തമായ സാഹചര്യത്തിൽ പ്രതികൾക്കെതിരെ കുറ്റപത്രം ഉടൻ സമർപ്പിച്ച് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും കുഞ്ഞുമോളുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് അടിയന്തര സഹായം അനുവദിക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു.മൈനാഗപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് വർഗീസ് തരകനും എം.പിക്കൊപ്പം ഉണ്ടായിരുന്നു.