കാർ കയറ്റിയിറക്കി കൊലപാതകം;അജ്മലിനെയും ഡോ.ശ്രീക്കുട്ടിയെയും വെള്ളിയാഴ്‌ച കോടതിയിൽ ഹാജരാക്കും,പൊലീസ് കസ്റ്റഡിയിൽ വിട്ടേക്കും

Advertisement

ശാസ്താംകോട്ട (കൊല്ലം):മൈനാഗപ്പള്ളി ആനൂർക്കാവ് ജംഗ്ഷനിൽ വീട്ടമ്മയെ മദ്യലഹരിയിൽ കാർ കയറ്റിയിറക്കി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളെ വെള്ളിയാഴ്ച ശാസ്താംകോട്ട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

പ്രതികളായ കരുനാഗപ്പള്ളി ഇടക്കുളങ്ങര പുന്തല തെക്കതിൽ മുഹമ്മദ് അജ്മൽ (29),നെയ്യാറ്റിൻകര സ്വദേശി ഡോ.ശ്രീക്കുട്ടി എന്നിവരെ തെളിവെടുപ്പിനും വിശദമായ ചോദ്യം ചെയ്യലിനും വേണ്ടി വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു.ഇതിൽ വാദം കേട്ട ശേഷമാണ് റിമാൻ്റിൽ കഴിയുന്ന ഇരുവരെയും ഹാജരാക്കാൻ മജിസ്ട്രേറ്റ് ആർ.നവീൻ ഉത്തരവിട്ടത്.പൊലീസിൻ്റെ അപേക്ഷ പരിഗണിച്ച് പ്രതികളെ കസ്റ്റഡിയിൽ വിട്ടു നൽകിയേക്കും.

തിരുവോണദിനത്തിൽ വൈകിട്ടാണ് വടക്കൻ മൈനാഗപ്പള്ളി ആനൂർക്കാവ് പഞ്ഞിപുല്ലും വിളയിൽ നൗഷാദിൻ്റെ ഭാര്യ കുഞ്ഞുമോൾ (45) കാറിടിച്ച് കൊല്ലപ്പെട്ടത്.ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻപിലേക്ക് വീണ കുഞ്ഞുമോളുടെ ശരീരത്തിലൂടെ അജ്മൽ വാഹനം കയറ്റിയിറക്കി രക്ഷപ്പെടുകയായിരുന്നു.സുഹൃത്തിൻ്റെ വീട്ടിൽ മദ്യസൽക്കാരത്തിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു അപകടം.നിർത്താതെ അമിത വേഗതയിൽ പോയ വാഹനം 8 കിലോമീറ്റർ അകലെ ഇടക്കുളങ്ങരയിൽ വച്ച് മതിലിൽ ഇടിച്ചു നിൽക്കുകയായിരുന്നു.ഇവിടെ നിന്നുമാണ് ഡോ.ശ്രീക്കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.മതിൽ ചാടി രക്ഷപ്പെട്ട അജ്മൽ ജില്ല വിടാനുള്ള ശ്രമത്തിനിടെ പിറ്റേ ദിവസം പുലർച്ചെ പതാരത്തു നിന്നും അറസ്റ്റിലാകുകയായിരുന്നു.

അതിനിടെ ഒന്നാം പ്രതിയായ മുഹമ്മദ് അജ്മലിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളി.കഴിഞ്ഞ ദിവസം ഡോ.ശ്രീക്കുട്ടിക്ക് വേണ്ടി അഡ്വ.സജീന്ദ്രൻ മുഖേനെ സമർപ്പിച്ച ജാമ്യാപേക്ഷയും ശാസ്താംകോട്ട കോടതി തള്ളിയിരുന്നു.

Advertisement