കാലൊടിഞ്ഞ മയിലിന് ചികിത്സയൊരുക്കി മൃഗസംരക്ഷണ വകുപ്പ്

Advertisement

കൊല്ലം: ആശ്രാമം ശ്രീനാരായണപുരം ക്ഷേത്രത്തിലെ മൂന്നുമാസം പ്രായമായ ആണ്‍ മയിലിന് മൃഗസംരക്ഷണ വകുപ്പ് ചികിത്സയൊരുക്കി. കൂട്ടില്‍ നിന്ന് വീണ് ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച മയിലിന് ശസ്ത്രക്രിയ നടത്തുകയായിരുന്നു.
വൃണബാധയുണ്ടായ വലതുകാല്‍ മുട്ടിന് താഴെ മുറിച്ചു നീക്കി ആന്റിബയോട്ടിക്കുകളും വേദനസംഹാരികളും നല്‍കി. ചീഫ് വെറ്ററിനറി ഓഫീസര്‍ ഡി. ഷൈന്‍കുമാര്‍, വെറ്ററിനറി സര്‍ജന്‍മാരായ കിരണ്‍ ബാബു, ജിന്‍സി, അഭിരാമി എന്നിവര്‍ നേതൃത്വം നല്‍കി. മയില്‍ വലുതാകുമ്പോള്‍ നടത്തം സുഗമമാക്കാന്‍ കൃത്രിമക്കാല്‍ ഘടിപ്പിക്കുന്ന ലിംബ് പ്രോസ്തസസിനെക്കുറിച്ചും ആലോചിക്കുന്നുണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ അറിയിച്ചു.