ഓയൂരിലെ കുട്ടിയെ തട്ടിക്കൊണ്ടു പോകല്‍; പിതാവിന്റെ രഹസ്യമൊഴി തിങ്കളാഴ്ച രേഖപ്പെടുത്തും

Advertisement

കൊല്ലം: ഓയൂര്‍ ഓട്ടുമലയില്‍ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കുട്ടിയുടെ പിതാവിന്റെ രഹസ്യമൊഴി കൊട്ടാരക്കര ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് സി.ബി. രാജേഷ് തിങ്കളാഴ്ച രേഖപ്പെടുത്തും. ക്രിമിനല്‍ ചട്ടം 164-ാം വകുപ്പ് അനുസരിച്ചാണ് മൊഴി രേഖപ്പെടുത്തുന്നത്.
കേസ് അന്വേഷിക്കുന്ന റൂറല്‍ ക്രൈംബ്രാഞ്ച് സംഘം പിതാവിന്റെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. മുന്‍പ് നല്കിയ മൊഴിയില്‍ നിന്ന് വ്യത്യസ്തമായ ഒന്നും പുതിയ മൊഴിയില്‍ ഉണ്ടായിരുന്നില്ല. അന്വേഷണം തൃപ്തികരമല്ലെന്ന തരത്തില്‍ സ്വകാര്യ ചാനല്‍ നല്കിയ വാര്‍ത്ത വളച്ചൊടിച്ചതാണെന്നും താന്‍ അത്തരത്തില്‍ പരാമര്‍ശിച്ചിട്ടില്ലെന്നും പിതാവ് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയതായാണ് വിവരം.
റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം. ജോസിന്റെ നേതൃത്വത്തിലായിരുന്നു മൊഴി രേഖപ്പെടുത്തിയത്. ചാനല്‍ വാര്‍ത്തയെ തുടര്‍ന്നാണ് റൂറല്‍ ക്രൈംബ്രാഞ്ച് സംഘം കോടതിയെ സമീപിച്ച് തുടരന്വേഷണത്തിന് അനുമതി വാങ്ങിയത്.
2023 നവംബര്‍ 27ന് വൈകുന്നേരം 4.30നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം കവിതാരാജില്‍ കെ.ആര്‍.പത്മകുമാര്‍ (53), ഭാര്യ എം.ആര്‍. അനിതാകുമാരി (46), മകളുമായ അനുപമ (22) എന്നിവരാണു പ്രതികള്‍. അനിതാകുമാരിക്കും അനുപമയ്ക്കും കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചിരുന്നു. 10 ലക്ഷം രൂപയ്ക്കു വേണ്ടിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നാണ് കേസ്.