യുവതിയുടെ ആത്മഹത്യ: കാലതാമസം കൂടാതെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Advertisement

കൊല്ലം: മരുത്തടി കന്നിമേല്‍ ചേരി സ്വദേശിനിയുടെ ആത്മഹത്യയില്‍ അയിരൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണം കാലതാമസം കൂടാതെ പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ്. അലക്‌സാണ്ടര്‍ തോമസ്. വര്‍ക്കല ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനാണ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്.
അയിരൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത 1073/22 നമ്പര്‍ കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കാനാണ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്. ശ്രീകലയുടെ പിതാവ് കെ. ശങ്കരന്‍കുട്ടി സമര്‍പ്പിച്ച പരാതിയിലാണ് നടപടി. വര്‍ക്കല ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കമ്മീഷനില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 2022 ഡിസംബര്‍ 28 ന് വൈകിട്ട് ഇടവ കാപ്പില്‍ കണ്ണന്‍ മൂല ചന്ദ്രത്തില്‍ വീട്ടിലാണ് ശ്രീകല ആത്മഹത്യ ചെയ്തത്. ഭര്‍ത്താവിന്റെ നിരന്തര പീഡനത്തെ തുടര്‍ന്നാണ് ശ്രീകല ആത്മഹത്യ ചെയ്തതെന്ന് പരാതിയില്‍ പറയുന്നു. മകളുടെ മരണത്തെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്തി പ്രതികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.