മൈനാഗപ്പള്ളി അപകടം;അജ്മലിനെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ ജനരോക്ഷം അണപൊട്ടി

Advertisement

ശാസ്താംകോട്ട (കൊല്ലം):മൈനാഗപ്പള്ളി ആനൂർക്കാവ് ജംഗ്ഷനിൽ സ്കൂട്ടര്‍ യാത്രക്കാരിയായ വീട്ടമ്മയെ കാര്‍ കയറ്റിക്കൊന്ന സംഭവത്തിൽ ഒന്നാം പ്രതി മുഹമ്മദ് അജ്മലുമായി തെളിവെടുപ്പിനെത്തിയ പൊലീസ് ജനരോഷത്തെ തുടർന്ന് മടങ്ങി.രണ്ടാം പ്രതി ഡോ.ശ്രീക്കുട്ടിയെ സ്റ്റേഷനിലേക്ക് മാറ്റിയ ശേഷമാണ് അജ്മലുമായി ആനൂർക്കാവിൽ എത്തിയത്.തെളിവെടുപ്പ് നടത്താനും വിശദമായ ചോദ്യം ചെയ്യലിനും വേണ്ടി
ശാസ്താംകോട്ട കോടതിയാണ് പ്രതികളെ സെപ്തംബർ 22 വൈകിട്ട് 5 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.തുടർന്ന് 3 മണിയോടെ കാർ ഓടിച്ചിരുന്ന ഒന്നാം പ്രതി അജ്മലിനെയാണ് ശാസ്താംകോട്ട പൊലീസ് തെളിവെടുപ്പിനായി എത്തിച്ചത്.എന്നാൽ അപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ട കുഞ്ഞുമോളുടെ (45) പെൺമക്കളും നാട്ടുകാരായ സ്ത്രീകളും മറ്റുള്ളവരും പൊലീസ് വാഹനം തടയുകയായിരുന്നു.പ്രതിഷേധം ശക്തമായതിനെ തുടർന്ന് പ്രതിയെ സംഭവസ്ഥലത്ത് ഇറക്കാതെ പൊലീസ് മടങ്ങുകയായിരുന്നു.ഏറെ
വൈകാരികമായാണ് ജനങ്ങൾ പ്രതികരിച്ചത്.തിരുവോണ ദിവസം നടന്ന കാര്യങ്ങളെ കുറിച്ച് വാഹനത്തിലിരുന്ന് പ്രതിയോട് പൊലീസ് ചോദിച്ചറിഞ്ഞതായും വിവരമുണ്ട്.ഇവിടെ നിന്നും എട്ട് കിലോമീറ്റർ അകലെ ഇടക്കുളങ്ങരയിൽ കാർ ഉപേക്ഷിച്ച് രക്ഷപ്പെടാൻ പ്രതികൾ ഓടിക്കയറിയ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.4.30 ഓടെ വീണ്ടും ആനൂർക്കാവിൽ എത്തിച്ചെങ്കിലും നാട്ടുകാർ പിരിഞ്ഞു പോയിരുന്നില്ല.ഇതിനാൽ വീണ്ടും മടങ്ങുകയായിരുന്നു.പിന്നീട് സംഭവ ദിവസം പ്രതികൾ മദ്യസൽക്കാരത്തിൽ പങ്കെടുത്ത പറയരുകാവിലെ വീട്ടിലും കാർ നൽകിയ സുഹൃത്തിൻ്റെ വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തി.സംഭവസ്ഥലത്ത് തെളിവെടുപ്പിന് എത്തിക്കുമ്പോൾ പ്രതികളുടെ സുരക്ഷ കർശനമായി ഉറപ്പാക്കണമെന്ന് കോടതി പൊലീസിന് നിർദ്ദേശം നൽകിയിരുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here