കാമുകിയെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ വീട്ടിൽ എത്തി ബഹളമുണ്ടാക്കിയ യുവാവ് ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി മരിച്ചു

Advertisement

കൊല്ലം: കാമുകിയെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ വീട്ടിൽ എത്തി ബഹളമുണ്ടാക്കിയ യുവാവ് ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി മരിച്ചു.
കൊല്ലം കിളികൊല്ലൂർ കല്ലുംതാഴം പണ്ടാരത്തുംവിള വീട്ടിൽ ലൈജു (38) ആണ് മരിച്ചത്. ഇന്നലെ രാവിലെ 8.30-ഓടെ യുവതി താമസിക്കുന്ന ശക്തികുളങ്ങര ക്ഷേത്രത്തിന് സമീപത്തെ വീട്ടിലായിരുന്നു സംഭവം.
പോലീസ് പറയുന്നത്: ലൈജു കഴിഞ്ഞ ഏപ്രിലിൽ കമുകിയായ യുവതിയുമായി ബംഗളൂരുവിലേക്ക് ഒളിച്ചോടിയിരുന്നു. യുവതി വിവാഹിതയും രണ്ടു കുട്ടികളുടെ മാതാവുമാണ്. എന്നാൽ അടുത്തിടെ യുവതി പിണങ്ങി സ്വന്തം വീട്ടിലെത്തിയിരുന്നു.
ഇന്നലെ യുവതിയുടെ വീട്ടിലെത്തിയ ലൈജു യുവതി കൂടെ വരണമെന്ന് ആവശ്യപ്പെട്ട് അക്രമാസക്തനായി. യുവതിയുടെ പിതാവും ബന്ധുക്കളും ഇയാളെ മടക്കി അയക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. തുടർന്ന് കൈയിൽ കരുതിയിരുന്ന പെട്രോൾ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ ലൈജുവിനെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും രാത്രിയോടെ മരണമടഞ്ഞു.