ശാസ്താംകോട്ട:സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിൻ്റെ നേതൃത്വത്തിൽ മണ്ണെടുത്ത് മാറ്റുന്നതിന് പ്രവാസിയായ ഉടമയിൽ നിന്നും എട്ട് ലക്ഷം കോഴ വാങ്ങിയ വിവാദത്തെ തുടർന്നുണ്ടായ പൊട്ടിത്തെറി ബ്രാഞ്ച് സമ്മേളനങ്ങളിലേക്ക് വ്യാപിക്കുന്നു.ബ്രാഞ്ച് സമ്മേളനങ്ങളിൽ പാർട്ടി അംഗങ്ങൾ വിഷയം ചർച്ച ചെയ്യണമെന്നാവശ്യം ഉന്നയിക്കുന്നത് മൂലം പോരുവഴി പടിഞ്ഞാറ് ലോക്കൽ കമ്മിറ്റിയുടെ ഭാഗമായ 8 ബ്രാഞ്ച്കളിലെ സമ്മേളനങ്ങൾ ഇനി ഒരു അറിയ്പ്പ് ഉണ്ടാകുന്നത് വരെ മാറ്റി വെച്ചിരിക്കുന്നതായാണ് ലഭിക്കുന്ന വിവരം.മണ്ണ് കോഴ വിഷയം സിപിഎം കമ്പലടി ബ്രാഞ്ച് സമ്മേളനത്തിൽ പാർട്ടി അംഗങ്ങൾ ഉന്നയിച്ചിരുന്നു.19ന് നടന്ന ചക്കുവള്ളി ബ്രാഞ്ച് സമ്മേളനത്തിൽ മണ്ണ് വിഷയം ചർച്ച ചെയ്യുന്നത് നേതൃത്വം ഇടപെട്ട് തടയുകയുണ്ടായി. തുടർന്ന് ജില്ലാ സെക്രട്ടറിയുടെ സാന്നിദ്ധ്യത്തിൽ ലോക്കൽ കമ്മിറ്റി കൂടുവാൻ തീരുമാനിച്ചുവെങ്കിലും ഉന്നതരുടെ ഇടപെടലുകളെ തുടർന്ന് ലോക്കൽ കമ്മിറ്റി മാറ്റിവയ്ക്കുകയാണുണ്ടായത്.
മണ്ണെടുപ്പുമായി ബന്ധപ്പെട്ട് കോഴ വാങ്ങിയവരുടെ സ്വത്ത് വിവരം അന്വേഷിക്കണമെന്നാണ് അംഗങ്ങൾ ഉന്നയിക്കുന്ന പ്രധാന ആവശ്യം.സിപിഎം ഏരിയാ കമ്മറ്റിയംഗവും ലോക്കൽ കമ്മിറ്റിയംഗവും ഒരു പാർട്ടി മെമ്പറും കൂടി എട്ട് ലക്ഷം രൂപ മണ്ണെടുക്കുന്നതിന് നോക്കുകൂലിയായി വാങ്ങിയതാണ് പൊട്ടിത്തെറിയിലേക്ക് നയിച്ചത്.മുൻപും ഭീഷണിപ്പെടുത്തി പലരിൽ നിന്നും ഇക്കൂട്ടർ ലക്ഷങ്ങൾ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പ്രധാന ആക്ഷേപമായി ഉയരുന്നത്.അതിനിടെ മണ്ണെടുപ്പുമായി ബന്ധപ്പെട്ട് കോഴ വാങ്ങിയവരുടെ സ്വത്ത് വിവരം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പാർട്ടിയുടെ വിവിധ ഘടകങ്ങൾക്ക് പരാതി നൽകിയതായും അറിയുന്നു.