കരുനാഗപ്പള്ളിയിൽ പാർട്ടി അംഗങ്ങളെ കൂട്ടത്തോടെ വെട്ടി നിരത്തി, ബഹളം മൂലം ബ്രാഞ്ച് സമ്മേളനം പിരിച്ചുവിട്ടു

Advertisement

കരുനാഗപ്പള്ളി. കഴിഞ്ഞ സമ്മേളനകാലത്ത് പാർട്ടിയെ പിടിച്ചുലച്ച വിഭാഗീയത വീണ്ടും കരുനാഗപ്പള്ളിയിൽ തലപൊക്കുന്നു.ബ്രാഞ്ച് സമ്മേളനങ്ങൾ പിടിച്ചെടുക്കുന്നതിനായി സമ്മേളനത്തിന് തൊട്ട് മുൻപ് വിവിധ ബ്രാഞ്ചുകളിലെ അംഗങ്ങളെ സംസ്ഥാന കമ്മിറ്റി അംഗം നയിക്കുന്ന ഔദ്യോഗികവിഭാഗം കൂട്ടത്തോടെ വെട്ടിനിരത്തി എന്നാണ് ആരോപണം. കരുനാഗപ്പള്ളി ടൗൺ ലോക്കൽ കമ്മിറ്റിയിലെ കേശവപുരം കെ.എൻ.ബി ബ്രാഞ്ച് സമ്മേളനം ബഹളം മൂലം കഴിഞ്ഞ ദിവസം നേതൃത്വത്തിന് പിരിച്ചുവിടേണ്ടി വന്നു.
സി.പി.എം ജില്ലാ കമ്മിറ്റി അംഗം പി.കെ. ബാലചന്ദ്രനാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. തുടർന്ന് സമ്മേളന നടപടികൾ ആരംഭിച്ചപ്പോൾ മെമ്പർഷിപ്പിൽ നിന്നും വെട്ടിമാറ്റിയ കേശവപുരം കർഷക സമര രക്തസാക്ഷിയായ കൃഷ്ണൻെറ മകനും മറ്റൊരാളും സമ്മേളനത്തിൽ ഇരിക്കാൻ പാടില്ലെന്നും ഇറങ്ങി പോകണമെന്നും ഒരു ലോക്കൽ കമ്മിറ്റി അംഗം ആവശ്യപ്പെട്ടു. ഇതിനെതിരെ പ്രതിഷേധം ഉയർന്നതോടെ സമ്മേളനത്തിൽ രൂക്ഷമായ വാക്ക് തർക്കവും കയ്യാങ്കളിയും ഉണ്ടായി.തുടർന്ന് സമ്മേളനം നടത്തിക്കൊണ്ടു പോകാൻ പറ്റാത്ത സാഹചര്യത്തിൽ സമ്മേളനം പിരിച്ചുവിടുകയായിരുന്നു.

കരുനാഗപ്പള്ളി ടൗൺ, വെസ്റ്റ് ലോക്കൽ കമ്മിറ്റി നേതൃത്വങ്ങൾ സമ്മേളനങ്ങൾ ലക്ഷ്യമിട്ട് അമ്പതോളം പേരെ കൂട്ടത്തോടെ മെമ്പർഷിപ്പിൽ നിന്നും അടുത്തിടെയാണ് ഒഴിവാക്കിയത്.
പാർട്ടി അംഗങ്ങളെ ഒഴിവാക്കുമ്പോൾ പാലിക്കേണ്ട സംഘടനാ മര്യാദകൾ പാലിക്കാതെയാണ് തങ്ങളെ ഒഴിവാക്കിയത് എന്ന് ചൂണ്ടിക്കാട്ടി ഒഴിവാക്കപ്പെട്ടവർ ഉപരി കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു.പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് പലരും തങ്ങൾ ഒഴിവാക്കപ്പെട്ട വിവരം അറിയുന്നത്.

കഴിഞ്ഞ സമ്മേളനകാലത്ത് വിഭാഗീയത രൂക്ഷമായിരുന്ന കരുനാഗപ്പള്ളിയിൽ ഇത്തവണ തികഞ്ഞ അച്ചടക്കത്തോടെ താഴെ തട്ടിലുള്ള ബ്രാഞ്ച് സമ്മേളനങ്ങൾ നടത്താൻ നേതൃത്വം നിർദേശങ്ങൾ നൽകിയിരുന്നു. ഇത് കാറ്റിൽ പറത്തിയാണ് ചില ലോക്കൽ കമ്മിറ്റികൾക്ക് കീഴിലുള്ള ബ്രാഞ്ചുകളിൽ പാർട്ടി അംഗങ്ങളെ കൂട്ടത്തോടെ ബ്രാഞ്ചുകളിൽ നിന്നും സ്ഥലം മാറ്റുകയും മെമ്പർഷിപ്പിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു എന്ന ആരോപണം ഉയർന്നിരിക്കുന്നത്.
ഇത് സംബന്ധിച്ച് ഉപരി കമ്മിറ്റികൾക്ക് നൽകിയ പരാതി പരിഗണിക്കപ്പെടാതെ പോയതോടെയാണ് ഒഴിവാക്കപ്പെട്ടവർ പ്രതിഷേധം പരസ്യമാക്കിയത്.വരും ദിവസങ്ങളിലെ ബ്രാഞ്ച് സമ്മേളനങ്ങളിലും അംഗത്വം നഷ്ടമായവരിൽ നിന്ന് സമാനമായ പരസ്യപ്രതിഷേധം ഉണ്ടാകുമെന്നാണ് സൂചന.