ഫോൺ താഴെ വീണു, 13 വയസുകാരിയായ മകളെ ക്രൂരമായി മർദ്ദിച്ച പിതാവ് അറസ്റ്റിൽ

Advertisement

കൊല്ലം: ഫോൺ താഴെ വീണതിന്റെ പേരിൽ 13 വയസുകാരിയായ മകളെ ക്രൂരമായി മർദ്ദിച്ച പിതാവ് അറസറ്റിൽ. പള്ളിത്തോട്ടം സ്വദേശിയായ ദിപിൻ ആരോഗ്യനാഥ് (36) ആണ് പള്ളിത്തോട്ടം പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി 7.30നാണ് സംഭവം. മദ്യപിച്ചെത്തിയ ദിപിൻ വീട്ടിലിരിക്കെ മൂത്ത കുട്ടിയായ 13വയസുകാരിയുടെ കൈയിൽ നിന്ന് അബദ്ധത്തിൽ മൊബൈൽ ഫോൺ താഴെ വീണു. ഇതിന്റെ ദേഷ്യത്തിൽ കുട്ടിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദന ദൃശ്യങ്ങൾ ഇളയകുട്ടിയെകൊണ്ട് ഫോണിൽ വീഡിയോ റെക്കോഡ് ചെയ്യുകയും വിദേശത്ത് ജോലിചെയ്യുന്ന ഭാര്യയ്ക്ക് അയച്ചു നൽകുകയും ചെയ്തു. സംഭവ സമയത്ത് ദിപിനും കുട്ടികളും മാനസിക വെല്ലുവിളി നേരിടുന്ന ഭാര്യ മാതാവും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നു. ആക്രമണ ശേഷം ഇയാൾ വീട്ടിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഈ സമയം ഇത് വഴി പെട്രാളിംഗ് നടത്തുകയായിരുന്ന പൊലീസ് സംഘത്തോട് കുട്ടിയും ദിപിന്റെ ഭാര്യമാതാവും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നിർദേശ പ്രകാരം കുട്ടിയെ ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്ക് വിധേയയാക്കി. കുട്ടിയുടെ മുഖത്തും ശരീരത്താകാമാനവും മർദ്ദനമേറ്റ പാടുകളുണ്ട്് . കുട്ടിക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. തുടർന്ന് കുട്ടിയെ കുട്ടിയുടെ അമ്മയുടെ സഹോദരിക്കൊപ്പം വിട്ടു. ദിപിൻ മുൻപും ഈ കുട്ടിയെ ക്രൂരമായി മർദ്ദിക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. കുട്ടിയും കുട്ടിയുടെ മാതാവ് വിദേശത്ത് നിന്നറിയിച്ചതിന്റെയും വീഡിയോ ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് പള്ളിത്തോട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പൊലീസ് ആശുപത്രിയിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. വിദേശത്തുള്ള ഭാര്യയെ നാട്ടിലെത്തിക്കുന്നതിനായാണ് ദിപിൻ കുട്ടിയെ ഫോൺ താഴെ വീണതിന്റെ പേരിൽ ക്രൂരമായി മർദ്ദിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവശേഷം ഒളിവിൽ പോയ മത്സ്യത്തൊഴിലാളിയായ ദിപിനെക്കുറിച്ച് എ.സി.പി ഷെരീഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഇന്നലെ രാത്രി ബീച്ചിന് സമീപത്ത് നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പള്ളിത്തോട്ടം സി.ഐ. ബി. ഷെഫീക്ക്, എസ്.ഐ മാരായ സി.ഹരികുമാർ, സാൾട്രസ് എ.എസ്. ഐമാരായ ഷാനവാസ്ഖാൻ, സരിത സി.പി.ഒ സുനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ജുഡീഷ്യൽ ഫസ്്റ്റ്് ക്ലാസ് മജിസ്‌ട്രേറ്റ് മൂന്ന് ജഡ്ജിയുടെ വസതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.