കരുനാഗപ്പള്ളിയിലെ ദേശീയപാത നിര്‍മ്മാണത്തിലെ അപാകത പരിഹരിക്കണം: കെ സി വേണുഗോപാല്‍ എം പി

Advertisement

കരുനാഗപ്പള്ളി. നഗരത്തിലെ ഉയരപ്പാതയുടെ നീളം കൂട്ടുന്നതും ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മറ്റു പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി കെ.സി.വേണുഗോപാല്‍ എംപിയുടെ നേതൃത്വത്തില്‍ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.

വളരെ വേഗം വളരുന്ന നഗരമാണ് കരുനാഗപള്ളി. ആ നഗരത്തെ വിഭജിക്കുന്ന തരത്തില്‍ കെട്ടിയടച്ചുകൊണ്ടുള്ള പാതനിര്‍മ്മാണം അനുവദിക്കാന്‍ കഴിയില്ലെന്ന് എംപി യോഗത്തില്‍ ഉദ്യോഗസ്ഥരെ അറിയിച്ചു. ഫ്‌ളൈ ഓവറിന്റെ നീളം കൂട്ടുമ്പോള്‍ പരമാവധി പില്ലര്‍ എലിവേറ്റഡ് ഹൈവെ തന്നെ നിര്‍മ്മിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും എംപി ആവശ്യപ്പെട്ടു.

ദേശീയപാതയിലെ കുഴികള്‍ അടച്ച് ഗതാഗതയോഗ്യമാക്കാന്‍ കരാറുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് എംപി പറഞ്ഞു. റോഡിലെ കുഴികള്‍കാരണം ദൈനംദിനം അപകടങ്ങള്‍ പതിവാണ്.
മഴമാറി നില്‍ക്കുന്ന സാഹചര്യമായതിനാല്‍ നിലവിലെ കുഴികളടക്കുന്ന പ്രവര്‍ത്തികള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും സമയബന്ധിതമായി പൂര്‍ത്തികരിക്കണമെന്നും എംപി നിര്‍ദ്ദേശിച്ചു.

പുത്തന്‍തെരുവ്,വവ്വാക്കാവ്,ഓച്ചിറ എന്നിവിടങ്ങളില്‍ അടിപ്പാത നിര്‍മ്മിക്കണം. ജനവാസ മേഖലകളില്‍ നിന്ന് ദേശീയപാതയിലേക്ക് വേണ്ടത്ര എന്‍ട്രി പോയിന്റുകളുടെയും അടിപ്പാതകളുടെയും അഭാവം ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. സംസ്ഥാന പൊതുമരാമത്ത് വകുപ്പുമായി കൂടിയാലോചന നടത്താതെ പാതനിര്‍മ്മാണത്തിന്റെ രൂപരേഖ തയ്യാറാക്കിയതിന്റെ ഭവിഷ്യത്താണ് ഇപ്പോള്‍ നേരിടുന്നതെന്നും എംപി യോഗത്തില്‍ ചൂണ്ടിക്കാട്ടി.
കേരളത്തിന്റെ ജീവനാഡിയാണ് ദേശീയപാത. സമാന്തരഗതാഗത സംവിധാനങ്ങള്‍ ഉണ്ടാകാതെ ദേശീയപാത വികസന പ്രവര്‍ത്തനം ആരംഭിച്ചത് ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണമായെന്നും കെ.സി.വേണുഗോപാല്‍ യോഗത്തില്‍ വിമര്‍ശനം ഉന്നയിച്ചു.വിവിധ വകുപ്പുകളുടെ ഏകോപനത്തിന്റെ അപര്യാപ്തത പാതനിര്‍മ്മാണത്തില്‍ പ്രകടമാണ്. ആ ഉത്തരവാദിത്തം കളക്ടര്‍ ഏറ്റെടുക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും കെ.സി.വേണുഗോപാല്‍ വ്യക്തമാക്കി.

ദേശീയപാത വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന പരിശോധനകളില്‍ ജനപ്രതിനിധികളെ കൂടി പങ്കെടുപ്പിക്കണമെന്ന് സി.ആര്‍.മഹേഷ് നിര്‍ദ്ദേശിച്ചു. ഇപ്പോള്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്ക് വലിയ ആശങ്കളാണുള്ളത്. ഇത് ജനപ്രതിനിധികള്‍ പങ്കുവെയ്ക്കുകയും ചെയ്തു.

ദേശീയപാത അതോറിറ്റിയുടെ ഉദ്യോഗസ്ഥര്‍ നിര്‍മ്മാണം നടക്കുന്ന പ്രദേശം സന്ദര്‍ശിച്ചെങ്കിലും ജനപ്രതികളുമായോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായോ കൂടിക്കാഴ്ച നടത്തിയിട്ടുമില്ല. കേന്ദ്ര ഉപരിതലഗതാഗത മന്ത്രി നിതിന്‍ ഗഡ്ക്കരിയുമായുള്ള കൂടിക്കാഴ്ചയില്‍ ഇക്കാര്യം കെ.സി.വേണുഗോപാല്‍ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തീരുമാനം എടുക്കാന്‍ ഉത്തരവാദിത്തപ്പെട്ട ദേശീയപാത അതോറിറ്റിയിലെ മുതിര്‍ന്ന അംഗത്തെ പ്രശ്‌നം പഠിക്കാന്‍ അയക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയെങ്കിലും ജൂനിയറായ ഉദ്യോഗസ്ഥനെയാണ് അയച്ചത്.

വൈദ്യുതി പോസ്റ്റ്, വാട്ടര്‍ലൈന്‍ എന്നിവ ഉള്‍പ്പെടെയുള്ള ആവശ്യസര്‍വീസുകളുടെ കണക്ഷന്‍മാറ്റുന്നതിനുള്ള കാലതാമസം കൊണ്ടാണ് സര്‍വീസ് റോഡുകളുടെ നിര്‍മ്മാണം വൈകാന്‍ കാരണം. കരുനാഗപള്ളി,ഓച്ചിറ മേഖലയില്‍ സര്‍വീസ് റോഡുകളുടെ നിര്‍മ്മാണം എങ്ങുമെത്തിയില്ല. ഓക്ടോബര്‍ 30ന് മുമ്പായി ഇത്തരം അവശ്യസര്‍വീസുകളുടെ കണക്ഷനുകള്‍ എത്രയും വേഗം മാറ്റുന്നതിന് വിവിധവകുപ്പുകളുമായി ഏകോപിപ്പിച്ചുള്ള നടപടികള്‍ സ്വീകരിക്കണം. സര്‍വീസ് റോഡുകളുടെ നിര്‍മ്മാണം പരമാവധി വേഗത്തിലാക്കുമെന്ന് നാഷണല്‍ ഹൈവെ റീജണല്‍ ഓഫീസറും പ്രോജക്ടര്‍ ഓഫീസറും കെ.സി.വേണുഗോപാല്‍ എംപിക്ക് ഉറപ്പുനല്‍കി. വൈദ്യുത ലൈന്‍മാറ്റി സ്ഥാപിക്കുന്നതിന് വേണ്ട അണ്ടര്‍ ഗ്രൗണ്ട് കേബിളിംഗിന് ആവശ്യമായ കേബിളുകളുടെ ലഭ്യത കുറവ് പരിഹരിക്കാമെന്ന് യോഗത്തില്‍ പങ്കെടുത്ത വൈദ്യുത ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കി.

ജനവാസ മേഖലകളില്‍ കാല്‍നട മേല്‍പ്പാലം മുന്‍ഗണനാ ക്രമത്തില്‍ പണിയണമെന്ന് എംപി നിര്‍ദ്ദേശിച്ചു. ഭിന്നശേഷിക്കാര്‍ക്കും ശാരീരിക പരിമിതിയുള്ളവര്‍ക്കും പ്രയോജനകരമായ വിധം ദേശീപാതയില്‍ തിരക്കേറിയ സ്ഥലങ്ങളില്‍ എക്‌സലേറ്ററുകള്‍ സ്ഥാപിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രിയോട് ആവശ്യപ്പെടുമെന്ന് എംപി യോഗത്തെ അറിയിച്ചു. തീരപ്രദേശത്ത് കുടിവെള്ള വിതരണം തടസ്സപ്പെടാതെവേണം ജലവിതരണ പൈപ്പുകള്‍ പുനഃവിന്യസിപ്പിക്കേണ്ടതെന്നും എംപി ആവശ്യപ്പെട്ടു.

മലിനജല നിര്‍മ്മാര്‍ജനത്തിനായി ഓടകള്‍ പണിയണം. ദേശീയപാത ഉദ്യോഗസ്ഥരും ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥരും തദ്ദേശ സ്ഥാപനങ്ങളും സംയുക്തമായി വെള്ളക്കെട്ട് മൂലം ജനജീവതം ദുസഹമായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് പരിഹാരം കാണണം. നിലവില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നിടത്ത് വ്യാപകമായി വെള്ളക്കെട്ടാണ്. ഇത് പ്രദേശവാസികള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. കുടിവെള്ള പൈപ്പ് പൊട്ടുന്നതും നിത്യസംഭവമാണ്. അതിന് പരിഹാരം കാണുന്നതിനുള്ള നടപടികളും സ്വീകരിക്കണം.

ചങ്ങന്‍കുളങ്ങര ജംഗ്ഷനില്‍ നിലവില്‍ അനുവദിച്ചിരിക്കുന്ന അടിപ്പാതയുടെ വീതിയും ഉയരവും കൂട്ടണം. ഇടുങ്ങിയ അടിപ്പാത പ്രായോഗികമല്ലെന്നും സി.ആര്‍.മഹേഷ് അഭിപ്രായപ്പെട്ടു.ആലപ്പുഴ പറവൂര്‍ മുതല്‍ കായംകുളംവരെ ജലജീവന്‍ മിഷനുമായി ബന്ധപ്പെട്ട് പൈപ്പുകള്‍ സ്ഥാപിക്കുന്നതിനായി ഡക്ടുകള്‍ സ്ഥാപിക്കുന്നതില്‍ നിലനില്‍ക്കുന്ന ആശങ്ക പരിഹരിക്കണം. ഓരോ 500 മീറ്ററിലും അവശ്യസര്‍വീസുകളുടെ നിര്‍മ്മാണങ്ങളുമായി ബന്ധപ്പെട്ട് ഡക്ടുകള്‍ നിര്‍മ്മിക്കാമെന്ന് ദേശീപതാ ഉദ്യോഗസ്ഥര്‍ അറിയിച്ചെങ്കിലും അക്കാര്യത്തില്‍ അവ്യക്തതയുണ്ടെന്ന് സി.ആര്‍ മഹേഷ് എംഎല്‍എ ആരോപിച്ചു.

കെസി വേണുഗോപാല്‍ എംപിയുടെ നിര്‍ദ്ദേശ പ്രകാരം കരുനാഗപള്ളി പിഡബ്ലുഡി ഗസ്റ്റ് ഹൗസില്‍ ജില്ലാ കളക്ടര്‍ ദേവിദാസ് വിളിച്ച് ചേര്‍ത്ത യോഗത്തില്‍ സി.ആര്‍.മഹേഷ് എംഎല്‍എ, കരുനാഗപ്പള്ളി നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സുനിമോള്‍
കൊല്ലം ഡിവിഷന്റെ ചുമതലയുള്ള എന്‍എച്ച്എ പ്രോജക്ട് ഡയറക്ടര്‍ വിപിന്‍ മധു,കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി, അമൃത് പദ്ധതിയുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു. ദേശീയപാത അതോറിറ്റി റീജണല്‍ ഓഫീസര്‍ മീണ ഓണ്‍ലൈനായി പങ്കെടുത്തു

Advertisement