കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ബഹുതല മന്ദിരം ഉദ്ഘാടനം ചൊവ്വാഴ്ച

Advertisement

കരുനാഗപ്പള്ളി. കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി ആൻഡ് ഗേൾസ് ഹൈസ്കൂളിൽ പുതുതായി പണികഴിപ്പിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാല് നിലകളിലായി ലിഫ്സ്റ്റ് ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങളോടെ നിർമ്മാണം പൂർത്തിയാക്കിയ ബഹുനില മന്ദിരമാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്. ചൊവ്വാഴ്ച വൈകിട്ട് മൂന്നിന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം നിർവഹിക്കും. മന്ത്രി ജെ ചിഞ്ചുറാണി വിശിഷ്ടാതിഥിയാവും. സി ആർ മഹേഷ് എംഎൽഎ അധ്യക്ഷത വഹിക്കും. കെ സി വേണുഗോപാൽ എംപി, എംഎൽഎമാരായ ഡോ സുജിത്ത് വിജയൻപിള്ള, കോവൂർ കുഞ്ഞുമോൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡോ പി കെ ഗോപൻ, മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. 2024ലെ എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി വിജയിച്ച 324 വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിക്കും. തുടർന്ന് വിദ്യാർത്ഥികളും അധ്യാപകരും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ നടക്കും. വൈകിട്ട് 6 മുതൽ ചലച്ചിത്ര പിന്നണി ഗായകൻ അതുൽ നറുകര അവതരിപ്പിക്കുന്ന സംഗീതവിരുന്നും അരങ്ങേറും.

സാമൂഹ്യ പരിഷ്കർത്താവും സാംസ്കാരിക നായകനുമായിരുന്ന സി എസ് സുബ്രഹ്മണ്യംപോറ്റി 1916 ൽ സ്ഥാപിച്ച ലോവർ ഗ്രേഡ് സെക്കൻഡറി സ്കൂൾ ആണ് പിന്നീട് കരുനാഗപ്പള്ളി ഹൈസ്കൂൾ ആയി മാറിയത്. 1924 ൽ ഇതേ വിദ്യാലയ മുറ്റത്ത് സിഎസ് സുബ്രഹ്മണ്യൻപോറ്റിയും ഡോ വി വി വേലുക്കുട്ടി അരയനും നേതൃത്വം നൽകി സംഘടിപ്പിച്ച പന്തിഭോജനത്തിന്റെ ശതാബ്ദി വർഷത്തിലാണ് പുതിയ കെട്ടിടസമുച്ചയം ഉദ്ഘാടനം ചെയ്യുന്നതെന്ന പ്രത്യേകതയും ഉണ്ടെന്ന് സ്കൂൾ ഭാരവാഹികൾ പറഞ്ഞു.