അമൃതകീര്‍ത്തി പുരസ്‌കാരം പ്രൊഫ. വി. മധുസൂദനന്‍ നായര്‍ക്ക്

Advertisement

കരുനാഗപ്പള്ളി: മാതാ അമൃതാനന്ദമയി മഠത്തിന്റെ അമൃതകീര്‍ത്തി പുരസ്‌കാരത്തിന് കവി പ്രൊഫ. വി. മധുസൂദനന്‍ നായര്‍ അര്‍ഹനായി. 1,23,456 രൂപയും സരസ്വതി ശില്‍പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. വൈദിക ദാര്‍ശനിക ആശയങ്ങളെ നൂതന ബിംബങ്ങളിലൂടെയും പ്രതീകങ്ങളിലൂടെയും ശൈലിയിലൂടെയും സൗന്ദര്യവത്താക്കുന്ന രചനാ പാടവത്തിനാണ് പുരസ്‌കാരമെന്ന് മാതാ അമൃതാനന്ദമയി മഠം ട്രസ്റ്റി സ്വാമി തുരീയാമൃതാനന്ദപുരി പറഞ്ഞു. മാതാ അമൃതാനന്ദമയി ദേവിയുടെ 71-ാം പിറന്നാള്‍ ദിനമായ 27ന് കൊല്ലം അമൃതപുരി ആശ്രമത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.
തിരുവനന്തപുരം സെന്റ് സേവ്യേഴ്‌സ് കോളേജില്‍ മലയാള വിഭാഗം പ്രൊഫസറും അധ്യക്ഷനുമായി സേവനമനുഷ്ഠിച്ചിട്ടുള്ള പ്രൊഫ. വി. മധുസൂദനന്‍ നായര്‍ക്ക് കേന്ദ്രസാഹിത്യ അക്കാദമി, കേരളസാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കേന്ദ്രസാഹിത്യ അക്കാദമി ഉപദേശക സമിതിയംഗം, ഭരണസമിതിയംഗം, കേന്ദ്ര നവോദയ വിദ്യാലയ ഭരണസമിതിയംഗം, കുമാരനാശാന്‍ ദേശീയ സാംസ്‌കാരിക ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആധ്യാത്മിക, വൈജ്ഞാനിക, ശാസ്ത്ര രംഗങ്ങളിലെ പ്രഗത്ഭര്‍ക്ക് 2001 മുതല്‍ അമൃതകീര്‍ത്തി പുരസ്‌ക്കാരം നല്‍കിവരുന്നു. സ്വാമി അമൃതസ്വരൂപാനന്ദ പുരി അദ്ധ്യക്ഷനും ഡോ. കെ. എസ്. രാധാകൃഷ്ണന്‍, ഡോ. ലക്ഷ്മീകുമാരി, ശ്രീ പി. നാരായണക്കുറുപ്പ്, സ്വാമി തുരീയാമൃതാനന്ദ പുരി എന്നിവര്‍ അംഗങ്ങളുമായുള്ള കമ്മറ്റിയാണ് പുരസ്‌ക്കാരനിര്‍ണ്ണയം നടത്തിയത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here