യുവാവിനെ അക്രമിച്ച് പരിക്കേല്‍പ്പിച്ചു; പ്രതികള്‍ പിടിയില്‍

Advertisement

കരുനാഗപ്പള്ളി: മുന്‍വിരോധത്താല്‍ യുവാവിനെ അക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ പോലീസിന്റെ പിടിയിലായി. കല്ലേലിഭാഗം വാഴാലികടവ് രതീഷ് (34), ശാസ്താംകോട്ട പോരുവഴി വള്ളിത്തുണ്ടില്‍ വീട്ടില്‍ ലിമില്‍കുമാര്‍ (52) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. കല്ലേലിഭാഗം സ്വദേശി ബാബു (53) വിനെയാണ് സംഘം അക്രമിച്ച് പരിക്കേല്‍പ്പിച്ചത്.
ബാബുവിന്റെ സഹോദരനായ ശ്രീജിത്തും പ്രതിയായ രതീഷും തമ്മില്‍ ഉണ്ടായിരുന്ന മുന്‍വിരോധമാണ് അക്രമത്തിലേക്ക് നയിച്ചത്. ശ്രീജിത്തിനെ അന്വേഷിച്ച് കഴിഞ്ഞ വ്യാഴാഴ്ച രാത്രി വീട്ടിലെത്തിയ പ്രതികള്‍ വഴക്കുണ്ടാക്കുന്നത് കണ്ട് സഹോദരന്‍ ബാബു ചോദ്യം ചെയ്യാന്‍ ശ്രമിച്ചതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. ബാബുവിനെ പ്രതികള്‍ മാരകായുധങ്ങള്‍ ഉപയോഗിച്ച് വെട്ടിയും മര്‍ദ്ദിച്ചും പരിക്കേല്‍പ്പിക്കുകയായിരുന്നു.
ബാബുവിന്റെ പരാതിയില്‍ കരുനാഗപ്പള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യ്ത് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. സംഘത്തിലെ മിഥുന്‍ (20), ശാസ്താംകോട്ട ആയ്ക്കുന്നം കിളക്കാട്ടയ്യത്ത് വീട്ടില്‍ അനന്തു (27) എന്നിവരെ നേരത്തെ പിടികൂടിയിരുന്നു. എന്നാല്‍ രതീഷും ലിമില്‍കുമാറും ഒളിവില്‍ പോയതിനാല്‍ പിടികൂടാനായില്ല. ഇവര്‍ക്കായുള്ള തെരച്ചില്‍ നടത്തുന്നതിനിടെയാണ് ഇവര്‍ പോലിസിന്റെ പിടിയിലാകുന്നത്.