ദേശീയപാതയിൽ അപകടഭീഷണി ഉയർത്തി കടപുഴയിലെ കൊടുംവളവ്

Advertisement

ശാസ്താംകോട്ട:കൊല്ലം – തേനി ദേശീയപാതയിലെ പടിഞ്ഞാറെ കല്ലട ഗ്രാമ പഞ്ചായത്തിലെ കടപുഴ ഭാഗത്തെ റോഡിനോട് ചേർന്നുള്ള കാട് അപകട ഭീഷണിയാകുന്നു.ഈ ഭാഗം കൊടും വളവാണ്.ഇവിടെയുള്ള ഉപരികുന്നിനെ ചുറ്റിയാണ് റോഡ് കടന്ന് പോകുന്നത്.ഭരണിക്കാവ് ഭാഗത്തു നിന്നും കുണ്ടറയിലേക്ക് പോകുമ്പോൾ കുന്നിനോട് ചേർന്നുള്ള ഭാഗമാണ് കാട് കയറി കിടക്കുന്നത്.സ്ഥല സൂചികകളും ഇൻ്റർലോക്ക് ഉപയോഗിച്ച് നിർമ്മിച്ച നടപ്പാതയും വരെ കാടുകയറി കിടക്കുകയാണ്.ഇത് മൂലം കാൽനടയാത്രക്കാർ റോഡിലേക്ക് കയറി നടക്കേണ്ടി വരികയും വളവ് തിരിഞ്ഞു വരുന്ന വാഹനങ്ങളിലെ യാത്രക്കാർക്ക് കാൽ നടയാത്രികരെ കാണാൻ കഴിയാതെ അപകടം ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്.ദേശീയപാത ആയതിനാൽ നിമിഷം പ്രതി നിരവധി വാഹനങ്ങളാണ് കടന്ന് പോകുന്നത്.മെച്ചപ്പെട്ട രീതിയിൽ റോഡ് നിർമ്മിച്ചിട്ടുള്ളതിനാൽ വാഹനങ്ങൾ അമിതമായ വേഗതയിലുമാണ് സഞ്ചരിക്കുന്നത്.ഇത് അപകടസാധ്യത വർദ്ധിപ്പിക്കുന്നു.ദേശീയപാത അതോറിട്ടിയാണ് കാട് വെട്ടി തെളിക്കേണ്ടത്.മുൻപ് ഗ്രാമ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചോ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ചോ കാട് വെട്ടി തെളിക്കാൻ കഴിയുമായിരുന്നു.എന്നാൽ ഇപ്പോൾ അതിന് കഴിയാത്തതിനാൽ ഓരോ ദിവസവും കാട് റോഡിലേക്ക് വളർന്ന് ഇറങ്ങുകയാണ്.