മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള എയ്ഡഡ് സ്‌കൂളുകള്‍ക്ക് എല്ലാ പിന്തുണയും നല്‍കും : മന്ത്രി വി. ശിവന്‍കുട്ടി

Advertisement

കരുനാഗപ്പള്ളി. ജനകീയ സമിതികള്‍ രൂപീകരിച്ച് സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന എയ്ഡഡ് സ്‌കൂളുകള്‍ക്ക് ആവശ്യമുള്ള പിന്തുണ സര്‍ക്കാര്‍ നല്‍കുമെന്ന് പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. കരുനാഗപ്പള്ളി ബോയ്‌സ് ഹയര്‍സെക്കന്‍ഡറി ആന്‍ഡ് ഗേള്‍സ് ഹൈസ്‌കൂളിന്റെ ബഹുനില കെട്ടിട ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സാമൂഹിക പ്രതിബദ്ധതയോടെ വിദ്യാര്‍ത്ഥികളുടെ പാഠ്യപാഠ്യേതര കഴിവുകള്‍ വികസിപ്പിക്കുന്നതിനുള്ള സൗകര്യം ഒരുക്കാന്‍ ഈ സ്‌കൂളിന് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിമര്‍ശനാത്മകമായി ചിന്തിക്കാനും സ്വയം നവീകരിക്കാനും നാളത്തെ വെല്ലുവിളികള്‍ നേരിടാനും യുവമനസ്സുകളെ പരിപോഷിപ്പിക്കുന്നതിനുള്ള പരിപാടികള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി ആവശ്യമാണ്. ഇക്കാര്യങ്ങള്‍ പരിഗണിച്ചു കൊണ്ടുള്ള പാഠ്യ രീതിയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു. സി ആര്‍ മഹേഷ് എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി മുഖ്യാതിഥിയായിരുന്നു.
ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് ചന്ദ്രന്‍ രചന നിര്‍വഹിച്ച സിഗ്‌നേച്ചര്‍ ഗാനം മന്ത്രി പ്രകാശനം ചെയ്തു, വിദ്യാര്‍ത്ഥികള്‍ ആലപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപന്‍, തദ്ദേശഭരണ സ്ഥാപന പ്രതിനിധികള്‍, അധ്യാപകര്‍, ഉദ്യോഗസ്ഥര്‍, വിദ്യാര്‍ത്ഥികള്‍, തുടങ്ങിയവര്‍ പങ്കെടുത്തു..

Advertisement