വൈറല്‍ പനിക്കെതിരെ ജാഗ്രത വേണം: ആരോഗ്യ വകുപ്പ്

Advertisement

ജില്ലയില്‍ വൈറല്‍ പനി കൂടി വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രതപുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഉയര്‍ന്ന പനി, മൂക്കൊലിപ്പ്, തലവേദന, ഉയര്‍ന്ന ശരീര താപനില, ശരീരവേദന, വിശപ്പില്ലായ്മ, നിര്‍ജലീകരണം എന്നീ ലക്ഷണങ്ങളോടുകൂടി എല്ലാ പ്രായത്തിലുള്ളവര്‍ക്കും വൈറല്‍പനി കാണുന്നുണ്ട്. ലക്ഷണങ്ങള്‍ ഉള്ളവര്‍ തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയെ സമീപിക്കുകയും ചികിത്സ തേടുകയും വേണം.
പകര്‍ച്ച വ്യാധികള്‍ പ്രതിരോധിക്കുന്നതിനും മുന്‍കരുതലുകളെടുക്കാന്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് കൈകള്‍ സോപ്പുപയോഗിച്ചു കഴുകുക, ടോയ്ലറ്റ് ഉപയോഗത്തിനു ശേഷം കൈകള്‍ സോപ്പിട്ട് കഴുകുക, കൊതുക് കടിയേല്‍ക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കണം. കൈകാലുകളില്‍ മുറിവുള്ളപ്പോള്‍ വെള്ളക്കെട്ടിലും മലിന ജലത്തിലും ഇറങ്ങരുത്. എലിപ്പനി വരാന്‍ സാധ്യതയുള്ള സാഹചര്യങ്ങളുമായി സമ്പര്‍ക്കമുണ്ടായവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശ പ്രകാരം ഡോക്‌സി സൈക്ലിന്‍ ഗുളിക കഴിക്കണം. സര്‍ക്കാര്‍ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ഡോക്‌സിസൈക്ലിന്‍ ഗുളിക സൗജന്യമായി ലഭിക്കും.

Advertisement