മാറുമോ,സുപ്രിംകോടതി മായ്ക്കുമോ! കുന്നത്തൂർ പഞ്ചായത്തിലെ പാകിസ്ഥാൻ മുക്ക് എന്ന സ്ഥലനാമധേയം?

Advertisement

ശാസ്താംകോട്ട. ഇന്ത്യയിലെ ഒരു പ്രദേശത്തെയും ‘പാകിസ്ഥാൻ’ എന്ന് വിളിക്കരുതെന്നും അത് രാജ്യത്തിൻ്റെ അഖണ്ഡതയ്ക്ക് എതിരാണെന്നുമുള്ള സുപ്രീം കോടതിയുടെ നിരീക്ഷണം
ആശങ്കയിലാക്കിയത് കൊല്ലം-പത്തനംതിട്ട ജില്ലകളുടെ അതിർത്തി പ്രദേശമായ പാകിസ്ഥാൻ മുക്കിനെ.പതിറ്റാണ്ടുകളായി പാകിസ്ഥാൻ മുക്ക് എന്ന പേരിൽ അറിയപ്പെടുന്ന ഒരു പ്രദേശം കുന്നത്തൂർ പഞ്ചായത്തിലെ ഐവർകാലയിലാണ് സ്ഥിതി ചെയ്യുന്നത്.

പത്തനംതിട്ട ജില്ലയിലെ അടുർ താലൂക്കിലെ കടമ്പനാട്,കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിലെ കുന്നത്തൂർ പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന കടമ്പനാട് -ഏനാത്ത് മിനി ഹൈവേയിലെ ജനസാന്ദ്രതയേറിയ ജംഗ്ഷനാണ് പാകിസ്ഥാൻ മുക്ക്.മുൻപ് മുസ്ലീം സമുദായത്തിൽപ്പെട്ടവരായിരുന്നു ഇവിടുത്തെ താമസക്കാരിൽ ഏറെയും.ഇന്നിപ്പോൾ അക്കഥ പഴങ്കഥയാക്കി ഹിന്ദുക്കളും മുസ്ലീങ്ങളുമെല്ലാം ഇഴയടുപ്പത്തിൽ കഴിയുന്ന പ്രദേശമായി ഇവിടം മാറിയിരിക്കയാണ്.

പതിറ്റാണ്ടുകൾക്ക് മുമ്പ് ഇതുവഴി സർവ്വീസ് നടത്തിയിരുന്ന ‘നെൽസൺ’ എന്ന സ്വകാര്യ ബസിലെ ജീവനക്കാരാണ് ജംഗ്ഷന് ‘പാകിസ്ഥാൻ’ എന്ന പേര് സമ്മാനിച്ചതെന്ന് പഴമക്കാർ പറയുന്നു.അന്നിവിടെ മുസ്ലീം സമുദായത്തിൽപ്പെട്ടവരായിരുന്നു കൂടുതലായി ഉണ്ടായിരുന്നതത്രേ.മത്സ്യ കച്ചവടത്തിനും ആട് – മാട് കച്ചവടത്തിനുമൊക്കെ പോയ ശേഷം കൂട്ടത്തോടെ നെൽസൺ ബസിൽ മടങ്ങുമ്പോൾ അവർക്ക് ഇറങ്ങേണ്ട സ്റ്റോപ്പിൽ എത്തുമ്പോൾ പാകിസ്ഥാൻ എത്തിയെന്ന് കണ്ടക്ടർ തമാശയ്ക്ക് പറയുമായിരുന്നുവത്രേ.കാലക്രമത്തിൽ ഈ തമാശ ഒരു നാടിൻ്റെ അടയാളവാക്യമായി മാറുകയായിരുന്നു.ഇവിടുത്തുകാരുടെ ഔദ്യോദിക മേൽവിലാസത്തിലൊന്നും പാകിസ്ഥാൻ കടന്നു വരുന്നില്ല എന്നതും ശ്രദ്ധയേമാണ്.എന്നാൽ ജംഗ്ഷനിലെ വ്യാപാര സ്ഥാപനങ്ങളുടെ ബോർഡുകളിലെല്ലാം സ്ഥലനാമമായി പാകിസ്ഥാൻ മുക്ക് കാണാം.ഇവിടുത്തെ ക്ഷീരസംഘത്തിൻ്റെ തുടക്കത്തിലെ പേര്
പാകിസ്ഥാൻ മുക്ക് ക്ഷീരോല്പാദക സഹകരണ സംഘം എന്നായിരുന്നു.എന്നാൽ പിന്നീടത് മാറി.പ്രിയദർശിനി നഗർ എന്നാക്കി മാറ്റി. പാകിസ്ഥാൻ മുക്കിലെ രാഷ്ട്രീയ പാർട്ടിക്കാരും ആ പേരിനെ കാലങ്ങളായി അംഗീകരിക്കുന്നില്ല.
കോൺഗ്രസുകാർക്ക് ഇവിടം പ്രിയദർശിനി നഗർ എന്നാണെങ്കിൽ സിപിഎം കാർക്ക് എകെജി ജംഗ്ഷഷനാണ്.ഒരു പടി കൂടി കടന്ന് ബിജെപിക്കാർ ശാന്തിസ്ഥാൻ എന്നാക്കിയിട്ടുണ്ട്.ചില കടകളുടെ പേരുകളിൽ ഇത്തരം സ്ഥലനാമങ്ങൾ കാണാൻ കഴിയും.പക്ഷേ ഇവിടുത്തുകാർക്കും
പുറത്തുള്ളവർക്കുമെല്ലാം ഇവിടം ഇപ്പോഴും പാകിസ്ഥാൻ മുക്ക് തന്നെയാണ്.എന്നാൽ പേരുമാറണമെന്ന ആഗ്രഹവും ഇന്നാട്ടുകാർക്കുണ്ട്.സുപ്രീം കോടതിയുടെ നിരീക്ഷണത്തെ തുടർന്ന് പേരുമാറ്റം അനിവാര്യമായി മാറിയിട്ടുണ്ട്.അധികൃതരുടെ ഭാഗത്തു നിന്നും അടിയന്തിര നടപടി ഇക്കാര്യത്തിൽ ഉണ്ടാകുമെന്ന പ്രതീക്ഷയും നാട്ടുകാർക്കുണ്ട്.

സുപ്രിംകോടതി എന്താണ് പറഞ്ഞത്

ന്യൂഡെല്‍ഹി. ഇന്ത്യയുടെ ഒരു പ്രദേശത്തെയും പാകിസ്ഥാൻ എന്ന് വിളിക്കരുതെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്.സ്ത്രീവിരുദ്ധമോ സമൂഹത്തിലെ ഏതെങ്കിലും വിഭാഗത്തെ മുൻവിധിയോടെ വ്യാഖ്യാനിക്കാവുന്നതോ ആയ പരാമർശങ്ങൾ കോടതി കളിൽ നിന്നും ഉണ്ടാകരുതെന്നും സുപ്രിം കോടതി. മാപ്പപേക്ഷ പരിഗണിച്ചു,കർണാടക ഹൈക്കോടതി ജഡ്ജി ജസ്‌റ്റിസ് വി ശ്രീശാനന്ദയുടെ ആക്ഷേപകരമായ പരാമർശത്തിൽ സ്വമേധയാ എടുത്ത കേസ് സുപ്രീം കോടതി അവസാനിപ്പിച്ചു.

കർണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് വേദവ്യാസാചാർ ശ്രീശാനന്ദ നടത്തിയ ആക്ഷേപകരമായ പരാമർശങ്ങളിൽ സ്വമേധയാ എടുത്തകേസ് പരിഗണിക്കുന്നതിനിടെയാണ് സുപ്രധാന നിർദ്ദേശങ്ങൾ സുപ്രീംകോടതിയിൽ നിന്നും ഉണ്ടായത്. ബെംഗളൂരുവിലെ ഗോരി പാല്യ എന്ന പ്രദേശത്തെ പാകിസ്‌താൻ എന്ന് വിശേഷിപ്പിച്ച കർണാടക ഹൈക്കോടതി ജഡ്ജിയുടെ നിലപാടിനെ സുപ്രിം കോടതി തള്ളി.

ഇന്ത്യയുടെ ഒരു പ്രദേശത്തെയും പാകിസ്ഥാൻ എന്ന് വിളിക്കരുതെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നിർദ്ദേശിച്ചു. കോടതികൾ ജാഗ്രത പാലിക്കണമെന്നും സുപ്രിം കോടതി.

സ്ത്രീവിരുദ്ധമോ സമൂഹത്തിലെ ഏതെങ്കിലും വിഭാഗത്തെ മുൻവിധിയോടെ വ്യാഖ്യാനിക്കാവുന്ന അഭിപ്രായങ്ങൾ കോടതികളിൽ നിന്നും ഉണ്ടാക്കരുത് എന്നും സുപ്രിം കോടതി വ്യക്തമാക്കി.

വെള്ളിയാഴ്ച സുപ്രിംകോടതി നൽകിയ നിർദ്ദേശം അനുസരിച്ചു,വിവാദ പരാമർശങ്ങൾ സംബന്ധിച്ച് കർണാടക ഹൈക്കോടതി റെജിസ്ട്രർ ജനറൽ റിപ്പോർട്ട് നൽകി.

വിവാദ പരാമർശം നടത്തിയ ജഡ്ജി തന്നെ അതിലുള്ള ഖേദം തുറന്ന കോടതിയിൽ പ്രകടിപ്പിച്ചിട്ടുണ്ടെന്നും അതിനാൽ തുടർ നടപടികൾ ആവശ്യമില്ലെന്നും അറ്റോർണി ജനറലും, സോളിസിറ്റർ ജനറലും കോടതിയെ അറിയിച്ചു. ഇക്കാര്യം കൂടി പരിഗണിച്ചാണ് തുടർ നടപടികൾ വേണ്ടെന്ന് സുപ്രീം കോടതി തീരുമാനിച്ചത്.