കൊല്ലം. ജില്ലയിൽ ഹയർസെക്കൻഡറി സ്കൂളുകളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റുകൾ വൈവിധ്യമാർന്ന പരിപാടികളോടെ 56-ാം പിറന്നാൾ ദിനം സമുചിതമായി ആഘോഷിച്ചു. മാലിന്യ നിർമ്മാർജ്ജന, ലഹരിവിരുദ്ധ, പരിസ്ഥിതി സംരക്ഷണ പ്രവൃത്തികളിലൂടെ സുസ്ഥിര വികസനം എന്ന ലക്ഷ്യത്തേയും, ജീവകാരുണ്യ പ്രവർത്തനങ്ങളേയും മുൻ നിർത്തിയാണ് യൂണിറ്റുകൾ ദിനാചരണം സംഘടിപ്പിച്ചത്.
ജില്ലാതല ഉദ്ഘാടനം കൊല്ലം ക്ലസ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ കൊല്ലം കടപ്പാക്കട സ്പോർട്ട്സ് ക്ലബ്ബിലെ പട്ടത്തുവിള ഹാളിൽ സംഘടിപ്പിച്ച ആകർഷകമായ ചടങ്ങിൽ സംസ്ഥാന ക്ഷീരവികസന വകുപ്പ്മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. എം നൗഷാദ് എം എൽ എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് എൻ എസ് എസ് കൊല്ലം ക്ലസ്റ്റർ കൺവീനർ ഗ്ലാസീസൺ എൽ സ്വാഗതമാശംസിക്കുകയും ജില്ലാ കൺവീനർ അഭിലാഷ് എസ് എസ്, എൻ എസ് എസ് ദിനസന്ദേശം നൽകുകയും ചെയ്തു. സെൻ്റ് അലോഷ്യസ് സ്കൂളിലെ പ്രോഗ്രാം ഓഫീസർ ശ്രീമതി കലാജോർജ്ജ് കൃതജ്ഞത രേഖപ്പെടുത്തി. എല്ലാ യൂണിറ്റുകളിൽ നിന്നുള്ള പ്രോഗ്രാം ഓഫീസർമാരും വോളണ്ടിയർമാരും ചടങ്ങിന് സാക്ഷ്യം വഹിച്ചു. തുടർന്ന് കാഴ്ച , സത്യമേവ ജയതേ , ജാഗ്രതാ ജ്യോതി , ജീവദ്യുതി, കാവലാൾ എന്നീ വിഷയങ്ങളെ അധികരിച്ച് നടത്തിയ സെമിനാറുകളും ക്യാമ്പയിനുകളും യഥാക്രമം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പി കെ ഗോപൻ, കൊല്ലം മേയർ പ്രസന്നാ ഏണസ്റ്റ് , സെപ്യൂട്ടി മേയർ കൊല്ലം മധു, എൻ എസ് എസ് ദക്ഷിണമേഖലാ കൺവീനർ ബിനു പി ബി , ഈസ്റ്റ് പോലീസ് സ്റ്റേഷൻ സിഐ എൻ അനിൽ കുമാർ എന്നിവർ ഉദ്ഘാടനം ചെയ്തു. ഹയർ സെക്കണ്ടറി വിഭാഗം ജില്ലാ കോർഡിനേറ്റർ പോൾ ആൻ്റണി, ക്ലസ്റ്ററിലെ വിവിധ സ്കൂളുകളിലെ പ്രിൻസിപ്പൽമാരായ സന്തോഷ് കുമാർ ഡി , ഷൈജു ടി.എസ്, ബിജു ജെ, റോയ് സെബാസ്റ്റ്യൻ, ദീപ്തി ബി, റോയിസ്റ്റൺ എ , പ്രദീപ് സി വി , ദീപ്തി, രേണുക, അനുപ് ജോൺ എന്നിവർ സെമിനാറുകളിൽ പങ്കെടുത്തു സംസാരിച്ചു. പരിപാടിയുടെ ഭാഗമായി നടന്ന ലഹരിവിരുദ്ധ റാലിയും, ഫ്ലാഷ് മോബും, തെരുവുനാടകവും ജനശ്രദ്ധ ആകർഷിച്ചു