തേവലക്കര . “രണ്ടാം ലോകമഹായുദ്ധത്തിൻ കാലത്ത് –
ഗംഭീരമായൊരു വൈറസ് വന്നു.
പ്ലേഗെന്ന പേരുള്ള വൈറസ്
നാട്ടിൽ പരന്ന് ലക്ഷങ്ങളെ കൊന്നൊടുക്കി….
താനിന്നെ താനിന്നെ തന്നാനാനി തിനെ
താനിന്നെ താനിന്നെ തന്നാനേ…..
കരളി കളിയേയും കരടിപ്പാട്ടിനെയും നെഞ്ചോട് ചേർത്ത കലാകാരൻ തേവലക്കര അരിനല്ലൂർ കളങ്ങര കിഴക്കതിൽ കളങ്ങര രാഘവൻ (69) എഴുതിയ വരികളാണിത്. ഇത് മാത്രമല്ല ഓഖിദുരന്തം, നിപ്പ വൈറസ്, കൊറോണ , മലനടയിലെ വെടിക്കെട്ടപകടം, ചവറ – ശാസ്താംകോട്ട റോഡ് നിർമ്മാണം തുടങ്ങിയ സമകാലിക സംഭവങ്ങളെ കുറിച്ചും പുരാണ – ഇതിഹാസങ്ങളെ അടിസ്ഥാനമാക്കിയും ബൈബിളിലെ യേശുക്രിസ്തുവിൻ്റെ ജനനം തുടങ്ങിയവയൊക്കെ കുറിച്ച് ഇദ്ദേഹം എഴുതിയ കരടിപ്പാട്ടുകൾ എണ്ണിയാലൊടുങ്ങാത്തവയാണ്.
തൃശൂരിന് പുലികളി എന്ന പോലെ, മലബാറിന് തെയ്യം എന്ന പോലെ ഓണാട്ടുകരയിലെ പ്രത്യേകിച്ചും കൊല്ലം മേഖലയിലെ തനത് കലാരൂപമായിരുന്ന കരടികളിയെ പരിപോഷിപ്പിക്കുന്നതിൽ ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും വലിയ പങ്ക് വഹിച്ചു വരുന്ന ആളാണ് ഇദ്ദേഹം. ജന്മി- അടിയാൻ കാലഘട്ടത്തിൽ ജന്മിയുടെ വീട്ടിലേക്ക് കടന്ന് ചെല്ലാനും ജന്മിയെ ആക്ഷേപഹാസ്യത്തിലൂടെ പരിഹസിക്കാനും വേണ്ടി സൃഷ്ടിച്ചതാണ് കരടികളിയെന്ന് ഇദ്ദേഹം പറയുന്നു. നിമിഷ കവി പാലുവേലിൽ വാധ്യാരാണ് കരടികളിയുടെ ഉപജ്ഞാതാവെന്നും കുമ്മി, കുമ്മികുരുട് , അമ്മാന എന്നീ മൂന്ന് രീതികളിലാണ് കരടി പാട്ടെന്നും ഇവിടെ കുമ്മി രീതിയിലാണ് പാടുന്നതെന്നും ഇദ്ദേഹം പറയുന്നു.
ഓണനാളുകളിലെ ഉത്രാടം – തിരുവോണംദിവസങ്ങളിലാണ് കരടികളിയുമായി വീടുകളിലെത്തുന്നത്.കുട്ടിക്കാലത്ത് സ്വദേശമായി അരിനല്ലൂരിൽ കൂട്ടുകാരുമൊത്ത് വീടുവീടാന്തരം കരടികളിയുമായി ഇറങ്ങിയതിൻ്റെ ആർജ്ജവത്തിൽ നിന്നാണ് പിന്നീട് ഇദ്ദേഹം കരടികളിയെ ഗൗരവമായി സമീപിച്ചത്. കഴിഞ്ഞ 50 വർഷത്തിലധികമായി ഇദ്ദേഹം ഈ കലാരൂപത്തെ നിലനിറുത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും സജീവമായി പ്രവർത്തിച്ചു വരുന്നു. വലിയ മാടത്തിൽ വിക്രമൻ എന്ന കൂട്ടുകാരനിൽ നിന്നാണ് ഇദ്ദേഹം കരടിപ്പാട്ടുകൾ ഹൃദിസ്ഥമാക്കിയത്. അച്ചൻ വെളുത്തകുഞ്ഞിൽ നിന്നാണ് വിക്രമൻ പാട്ടുകൾ ഹൃദിസ്ഥമാക്കിയത്.
പണ്ട് മുതൽക്കേ നാട്ടിൽ എമ്പാടും എന്ന പോലെ അരിനല്ലൂരിലും കരടികളി സജീവമായിരുന്നു. ഇതിൽ പ്രവർത്തിച്ചിരുന്നവർ പിന്നീട് ഓരോ മേഖലകളിലേക്ക് പോയതോടെ കരടികളി അന്യംനിന്നു പോയിരുന്നു.
2006 ൽ ഒരു പറ്റം ചെറുപ്പക്കാർ അരി നല്ലൂർ ജവഹർ ലൈബ്രറിയുടെ നേതൃത്വത്തിൽ കരടി കളിയെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രംഗത്ത് വന്നതോടെ അന്യംനിന്നു പോകുമായിരുന്ന ഈ കലാരൂപത്തിന് പുത്തൻ ഉണർവ് ഉണ്ടായി. അന്ന് കരടിപ്പാട്ടുകൾ മാത്രം ഉൾപ്പെടുത്തി 500 പുസ്തകങ്ങളും 1000 സി.ഡികളും ജവഹർ ലൈബ്രറി സൗജന്യമായി വിതരണം ചെയ്തു. ഇതിൻ്റെ പ്രവർത്തനങ്ങളി രാഘവനായിരുന്നു മുൻപന്തിയിൽ . 40 ൽ അധികം പേർ വരുന്ന കരടി സംഘത്തിലെ പ്രധാനി ഇന്ന് ഇദ്ദേഹമാണ്. ഓണക്കാലത്ത് മൽസരാടിസ്ഥാനത്തിൽ ഇവിടെ കരടികളി സംഘടിപ്പിച്ചു വരുന്നു. ഇതിൻ്റെ ചുവട് പിടിച്ച് ഇപ്പോൾ പല സ്ഥലങ്ങളിലും കരടികളി മൽസരം നടന്നു വരുന്നുണ്ട്. അരിനല്ലൂർകരടികളി സംഘത്തിന് പിന്നീട് ഫോക് ലോർ അംഗീകാരവും നാടൻ കലാരൂപങ്ങളെ പരിപോഷിപ്പിക്കുന്നതിനുള്ള കേന്ദ്ര സർക്കാർ അംഗീകാരവും ലഭിച്ചിരുന്നു.
തിരുവനന്തപുരത്ത് നടക്കുന്ന ഓണാം വാരാഘോഷത്തിലടക്കം നാടിൻ്റെ വിവിധ ഭാഗങ്ങളിൽ ഓണക്കാലത്ത് ഇവർ കരടികളി അവതരിപ്പിച്ചു വരുന്നു. ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ കരടികളി സംഘങ്ങൾ രൂപം കൊള്ളുന്നുമുണ്ട്.
പാട്ടുകൾ പഠിക്കാനും പലരും തയ്യാറായി മുന്നോട്ടു വരുന്നും ഉണ്ട്. പ്രാദേശികമായി ഇദ്ദേഹത്തിന് നിരവധി അംഗീകാരം ലഭിക്കുമ്പോഴും സർക്കാർ തലത്തിൽ വേണ്ടത്ര അംഗീകാരം ലഭിച്ചിട്ടില്ലന്ന പരിഭവം ഒരു മികച്ച കർഷകൻകൂടിയായ ഇദ്ദേഹത്തിനുണ്ട്