മൈനാഗപ്പള്ളിയില്‍ യുവതിയെ കാര്‍ കയറ്റിക്കൊന്ന സംഭവത്തില്‍ പ്രതി ഡോ ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍

Advertisement

കൊല്ലം. മൈനാഗപ്പള്ളിയില്‍ യുവതിയെ കാര്‍ കയറ്റിക്കൊന്ന സംഭവത്തില്‍ പ്രതി ഡോ ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഗോപകുമാര്‍ വാദം കേട്ട് ഉത്തരവിനായി മാറ്റി. തിരുവോണത്തിന് വൈകിട്ട് മൈനാഗപ്പള്ളി ആനൂര്‍ക്കാവിലാണ് ശ്രീക്കുട്ടിയും സുഹൃത്ത് അജ്മലും സഞ്ചരിച്ച കാര്‍ സ്കൂട്ടര്‍ യാത്രക്കാരെ ഇടിച്ചുവീഴ്ത്തുകയും റോഡില്‍ കാറിനുമുന്നില്‍ വീണുകിടന്ന കുഞ്ഞുമോളുടെ ശരീരത്തിലൂടെ വാഹനം കയറ്റി രക്ഷപ്പെടുകയും ചെയ്തത്. വാഹനം മുന്നോട്ടെടുക്കരുതെന്ന് ഓടിക്കൂടിയവര്‍ കരഞ്ഞുവിളിക്കുന്നതിനിടെ അജ്മല്‍ കാര്‍ ശരീരത്തിലൂടെ കയറ്റി ഇറക്കുകയായിരുന്നു. ഡോ.ശ്രീക്കുട്ടിയുടെ നിര്‍ദ്ദേശപ്രകാരമാണ് കാര്‍ മുന്നോട്ട് എടുത്തതെന്നായിരുന്നു കേസ്. മാത്രമല്ല അജ്മലും ശ്രീക്കുട്ടിയും മദ്യ ലഹരിയിലായിരുന്നുവെന്നും ഇവര്‍ എംഡിഎംഎ ഉപയോഗിച്ചിരുന്നു എന്നും തെളിഞ്ഞു.

ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതി നേരത്തേ ഇരുവരുടെയും ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇന്ന് സെഷന്‍സ് കോടതിയില്‍ അഡ്വ.സി. സജീന്ദ്രകുമാര്‍,ലിഞ്ജു സി ഈപ്പന്‍ എന്നിവര്‍ ഹാജരായി കേസില്‍ ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. കുഞ്ഞുമോളുടെ ഭര്‍ത്താവ് നൗഷാദിനെ പ്രതിനിധീകരിച്ച് ഹാജരായ അഡ്വ.കണിച്ചേരില്‍ സുരേഷ്, അഡ്വ.അനൂപ് കെ ബഷീര്‍ എന്നിവരും ജാമ്യം നല്‍കുന്നതിനെ ശക്തമായി എതിര്‍ത്തു.

വാദം കേട്ട സെഷന്‍സ് കോടതി കേസ് 30ലേക്ക് മാറ്റി.

Advertisement