കൊല്ലം: ഗൃഹനാഥനേയും മകനെയും വെട്ടി പരിക്കേല്‍പ്പിക്കുകയും വീട്ടുസാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്ത കേസില്‍ പ്രതികള്‍ക്ക് ആറ് മാസം തടവും 5,000 രൂപ പിഴയും ശിക്ഷ വിധിച്ചു. അഞ്ചാലുംമൂട് കുപ്പണ മംഗലത്ത് വീട്ടില്‍ എസ്. മനോജ് കുമാര്‍, മകന്‍ വിഷ്ണു എന്നിവരെ വെട്ടി പരിക്കേല്‍പ്പിച്ച കേസിലെ പ്രതികളായ മനോജ് കുമാറിന്റെ രണ്ടാം ഭാര്യ ലയ, ചെറുമകന്‍ ജഗന്‍. എല്‍. പണിക്കര്‍ എന്നിവരെയാണ് കൊല്ലം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഒന്ന് ജഡ്ജി സൂര്യ. എസ്. സുകുമാരന്‍ ശിക്ഷിച്ചത്.
2022 സെപ്റ്റംബര്‍ 21നാണ് കേസിനാസ്പദനായ സംഭവം നടന്നത്. മനോജ് കുമാര്‍, മകന്‍ വിഷ്ണു എന്നിവരെ വീട്ടില്‍ കയറി വെട്ടിപരിക്കേല്‍പ്പിക്കുകയും വീട്ടുപകരണങ്ങള്‍ക്കും മുറ്റത്ത് കിടന്ന വാഹനങ്ങള്‍ക്കും കേടുപാട് വരുത്തുകയും ചെയ്തെന്നാണ് പ്രോസിക്യൂഷന്‍ കേസ്. അഞ്ചാലുംമൂട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്നത്തെ എസ്എച്ച്ഒ ധര്‍മ്മജിത്താണ് അന്വേഷണം നടത്തിയത്.
കേസിന്റെ വിസ്താരം നടക്കുന്നതിനിടെ കേസിലെ പ്രധാന തെളിവായ കത്തിയും താക്കോലും മാറ്റി പ്രതികളെ സഹായക്കാന്‍ പോലീസ് ശ്രമിച്ചെന്ന പരാതിയും ഉയര്‍ന്നിരുന്നു. സംഭവത്തില്‍ വാദിഭാഗത്തിന്റെ പരാതിയില്‍ ഹൈക്കോടതിയില്‍ കേസ് നിലവിലുണ്ട്.