കോണ്‍ഗ്രസ് നേതാവിന് നേരെയുള്ള വധശ്രമകേസ്; സി.പി.എം നേതാക്കള്‍ അടക്കമുള്ള പ്രതികള്‍ക്ക് 5 വര്‍ഷം തടവും പിഴയും

Advertisement

കൊട്ടാരക്കര: കോണ്‍ഗ്രസ് പ്രകടനത്തിനിടെ മുന്‍ ഡി.സി.സി അംഗവും നിലവില്‍ കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ ദിനേശ് മംഗലശേരിയെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ സി.പി.എം മുന്‍ ഏരിയ സെക്രട്ടറി അടക്കമുള്ള പ്രതികള്‍ക്ക് അഞ്ച് വര്‍ഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. സി.പി.എം മുന്‍ ഏരിയ സെക്രട്ടറി കോട്ടാത്തല എന്‍.ബേബി, എല്‍.ഡി.എഫ് ഭാരവാഹികളായ നിസാം, ശ്രീകുമാര്‍, ജയകുമാര്‍, നിസാം (സുധി), അരുണ്‍, സന്തോഷ്, ദീപു, ബിജു ഷംസുദീന്‍, അരുണ്‍ ദേവ്, ദിലീപ് തോമസ് എന്നിവരെയാണ് കൊട്ടാരക്കര അഡി. സെഷന്‍സ് കോടതി ശിക്ഷിച്ചത്.
307ാം വകുപ്പ് പ്രകാരം അഞ്ചു വര്‍ഷം തടവും 25,000 രൂപ പിഴയും, 143ാം വകുപ്പ് പ്രകാരം മൂന്നു മാസം തടവ്, 147ാം വകുപ്പ് പ്രകാരം ആറുമാസം തടവും എല്ലാ പ്രതികളും അനുഭവിക്കണം. കൂടാതെ 148ാം വകുപ്പ് പ്രകാരം 1,2 7 മുതല്‍ 11 വരെ പ്രതികള്‍ക്കും ഒരു വര്‍ഷം തടവും അനുഭവിക്കേണ്ടതുണ്ട്. പിഴ ഒടുക്കാത്ത പക്ഷം ഒരു വര്‍ഷം കൂടി ശിക്ഷ അനുഭവിക്കേണ്ടി വരും. പിഴ തുക നാലാം സാക്ഷിയായ അക്രമത്തിനു ഇരയായ വ്യക്തിക്ക് നല്‍കും.
നിലവില്‍ സി.പി.എം ഏരിയ കമ്മിറ്റി അംഗമാണ് എന്‍. ബേബി. പ്രതികളില്‍ 8 പേര്‍ സിപിഎം, ഡിവൈഎഫ്‌ഐ ഭാരവാഹികളും ദിലീപ് തോമസ്, ദീപു എന്നിവര്‍ സിപിഐ ഭാരവാഹികളും ബിജു ഷംസുദീന്‍ ആര്‍വൈഎഫ് ഭാരവാഹിയും ആയിരുന്നു. 2013 ജൂലൈ 12ന് ആണ് കേസിനാസ്പദമായ സംഭവം. സോളര്‍ കേസുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കേന്ദ്ര സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷിനും അഭിവാദ്യം അര്‍പ്പിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനിടെയായിരുന്നു ആക്രമണം. പ്രകടനം താലൂക്ക് ആശുപത്രി പരിസരത്ത് എത്തിയപ്പോള്‍ സമീപത്തെ സി.പി.എം ഏരിയ കമ്മിറ്റി ഓഫിസില്‍ നിന്നും കല്ലേറുണ്ടായി. കല്ലേറിന് പിന്നാലെ പാര്‍ട്ടി ഓഫിസില്‍ നടന്ന യോഗത്തില്‍ ഉണ്ടായിരുന്ന എല്‍.ഡി.വൈ.എഫ് പ്രവര്‍ത്തകര്‍ ഇറങ്ങി വന്ന് പ്രകടനക്കാരെ ആക്രമിച്ചു. ബേബിയുടെ നേതൃത്വത്തില്‍ ലോട്ടസ് ഇടറോഡിന് സമീപം ദിനേഷ് മംഗലശേരിയെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ദിനേശിന്റെ തലയ്ക്ക് വെട്ടേല്‍ക്കുകയും ഇടതുകൈയ്ക്ക് ഒടിവ് സംഭവിക്കുകയും ചെയ്തു. വടിവാള്‍, വിറക് കഷണങ്ങള്‍, പാറച്ചീളുകള്‍ എന്നിവ കൊണ്ട് അടിച്ചും ഇടിച്ചും പരുക്കേല്‍പിച്ചെന്നാണ് കേസ്. ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ തെളിവായി പൊലിസ് കോടതിയില്‍ ഹാജരാക്കി.

Advertisement