ഭക്ഷ്യധാന്യങ്ങളുടെ അളവിൽ വെട്ടിപ്പെന്ന് ആരോപണം സപ്ലൈകോ ഉദ്യോഗസ്ഥർ എഫ്സിഐ ഗോഡൗണിൽ എത്തി പരിശോധന നടത്തി

Advertisement

കരുനാഗപ്പള്ളി . കേന്ദ്രസർക്കാർ എഫ്സിഐ വഴി വെയർഹൗസിംഗ് ഗോഡൗണിലേക്ക് നൽകുന്ന ഭക്ഷ്യധാന്യങ്ങളുടെ അളവിൽ വ്യാപകമായ തോതിൽ വെട്ടിപ്പ് നടക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് സപ്ലൈകോ ഉദ്യോഗസ്ഥർ എഫ്സിഐ ഗോഡൗണിൽ എത്തി പരിശോധന നടത്തി. എഫ്സിഐയിൽ നിന്നും സംസ്ഥാന സർക്കാരിനുവേണ്ടി സപ്ലൈകോ വിലകൊടുത്ത് വാങ്ങുന്ന ഭക്ഷ്യ ധാന്യങ്ങളുടെ അളവിൽ ഏറെനാളായി വലിയതോതിൽ വെട്ടിപ്പ് നടക്കുന്നതായി പരാതി ഉയർന്നിരുന്നതായി സപ്ലൈകോ അധികൃതർ പറയുന്നു. സംസ്ഥാന വ്യാപകമായി ഇത്തരത്തിൽ അളവിലെ വെട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടതായും അളവിൽ ഉണ്ടാകുന്ന വെട്ടിപ്പിന് സപ്ലൈകോയിലെ ഉദ്യോഗസ്ഥരാണ് ഒടുവിൽ ഇരയായി മാറുന്നതെന്നും വലിയതോതിൽ സാമ്പത്തിക ബാധ്യതയും ഉണ്ടായതിന്റെ പേരിൽ നിരവധി ഉദ്യോഗസ്ഥർക്ക് സസ്പെൻഷനും അച്ചടക്ക നടപടികളും നേരിടേണ്ടി വന്നതായും സപ്ലൈകോ ജീവനക്കാർ പറയുന്നു. എഫ്സിഐ കേന്ദ്രീകരിച്ച് നടക്കുന്ന അളവിലെ വെട്ടിപ്പാണ് ഇതിനെല്ലാം കാരണമെന്നും ജീവനക്കാർ പറയുന്നു. കരുനാഗപ്പള്ളി എഫ് സി ഐയിൽ നിന്നും ശനിയാഴ്ച വൈകിട്ട് 24 ഓളം ലോഡ് ഭക്ഷ്യ ധാന്യങ്ങൾ ആണ് സപ്ലൈകോ ഗോഡൗണിലേക്ക് ലിഫ്റ്റ് ചെയ്യാൻ ഉണ്ടായിരുന്നത്. ഇതിൽ 9 ലോഡുകളിലും അളവ് വ്യത്യാസം കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറയുന്നു. തുടർന്ന് താലൂക്ക് സപ്ലൈ ഓഫീസർ,സപ്ലൈക്കോ ഡിപ്പോ മാനേജർ ഉൾപ്പെടെയുള്ളവർ എഫ്സിഐ ഗോഡൗണിൽ എത്തി.
താലൂക്ക് സപ്ലൈ ഓഫീസറുടെ നിർദ്ദേശാനുസരണം
തൂക്കത്തിൽ വ്യത്യാസം ഉണ്ടെന്ന് കണ്ട ലോറികൾ വീണ്ടും തൂക്കി നോക്കിയപ്പോൾ ലോഡുകളിൽ കുറവ് കണ്ടെത്തി. തുടർന്ന് രണ്ട് ലോറികളിലെ ലോഡുകൾ ഏറ്റെടുക്കാൻ സപ്ലൈകോ അധികൃതർ തയ്യാറായില്ല. തങ്ങൾക്ക് നൽകുന്ന ഭക്ഷ്യധാന്യങ്ങളുടെ അളവ് തൂക്കി ബോധ്യപ്പെടണം എന്ന നിലപാട് സപ്ലൈകോ ഉദ്യോഗസ്ഥർ സ്വീകരിച്ചു. എന്നാൽ എഫ്സിഐ ഗോഡൗണിന് പുറത്തേക്ക് പോകുന്ന ലോഡുകളെ സംബന്ധിച്ച് ഉത്തരവാദിത്വം തങ്ങൾക്ക് ഇല്ലെന്ന നിലപാട് എഫ്സിഐ അധികൃതരും സ്വീകരിച്ചതോടെയാണ് തർക്കങ്ങൾ ഉണ്ടായത്. ഇതേ തുടർന്ന് രണ്ട് ലോഡ് ഭക്ഷ്യധാന്യങ്ങൾ ഏറ്റെടുക്കാതെ സപ്ലൈകോ ഉദ്യോഗസ്ഥരും നിലയുറപ്പിച്ചതോടെ തർക്കം രൂക്ഷമായി. നേരത്തെ നിരവധി തവണ എഫ് സി ഐ യിൽ നിന്നും ലോറികൾ വഴി സപ്ലൈകോയിൽ എത്തുന്ന ഭക്ഷ്യ ധാന്യങ്ങളിൽ വലിയ തോതിൽ കുറവ് വന്നതായി സപ്ലൈകോ അധികൃതർ കണ്ടെത്തിയിരുന്നു. 4000 കിലോ വരെ അളവിൽ കുറവ് ശ്രദ്ധയിൽപ്പെട്ടതോടെ ഇക്കാര്യത്തിൽ നിരീക്ഷണം ശക്തമാക്കാൻ സപ്ലൈകോ ഉദ്യോഗസ്ഥർ തീരുമാനിക്കുകയായിരുന്നു. തുടർന്ന് എഫ്സിയിൽ നിന്നും പുറത്തേക്ക് പോകുന്ന ലോഡുകളുടെ തൂക്കം തങ്ങൾക്ക് കൂടി ബോധ്യപ്പെട്ടതിനു ശേഷം മാത്രമേ ലോഡുകൾ എടുക്കുകയുള്ളൂ എന്ന നിലപാട് സപ്ലൈകോ ഉദ്യോഗസ്ഥർ സ്വീകരിക്കുകയായിരുന്നു. ഭക്ഷ്യധാന്യങ്ങളുടെ അളവിൽ വർഷങ്ങളായി ഇത്തരത്തിൽ തട്ടിപ്പ് നടക്കുന്നതായി സപ്ലൈകോ അധികൃതർ പറയുന്നു. ഇത് സംബന്ധിച്ച റിപ്പോർട്ടും ഉയർന്ന ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്.

Advertisement