റേഷന്‍ മുന്‍ഗണനാ വിഭാഗം: ജില്ലയില്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കാനുള്ള സമയപരിധി നാളെ അവസാനിക്കും

Advertisement

കൊല്ലം: ജില്ലയില്‍ മുന്‍ഗണന വിഭാഗത്തിലെ പിങ്ക് (പിഎച്ച്എച്ച്), മഞ്ഞ (എഎവൈ) റേഷന്‍ കാര്‍ഡുകളുടെ മസ്റ്ററിംഗ് പൂര്‍ത്തിയാക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. ജില്ലയില്‍ 1309192 മഞ്ഞ, പിങ്ക് ഗുണഭോക്താക്കളാണ് ഇകെവൈസി അപ്‌ഡേഷന്റെ ഭാഗമായി മസ്റ്റര്‍ ചെയ്യേണ്ടത്. നീല, വെള്ള കാര്‍ഡുടമകള്‍ക്കുള്ള മസ്റ്ററിംഗ് പിന്നീട് നടക്കും.
മസ്റ്ററിംഗ് നടത്തിയില്ലെങ്കില്‍ റേഷന്‍ വിഹിതം കുറയ്ക്കുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ടാംഘട്ടമായി ജില്ലയില്‍ മസ്റ്ററിംഗ് ആരംഭിച്ചത്. 25 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെയാണ് മസ്റ്ററിംഗിന് സമയം അനുവദിച്ചിരിക്കുന്നത്. സമയബന്ധിതമായി മസ്റ്ററിംഗ് പൂര്‍ത്തിയാകുമെന്ന് സപ്ലൈ ഓഫീസ് അധികൃതരും റേഷന്‍ വ്യാപാരികളും പറയുന്നുണ്ടെങ്കിലും കേരളത്തിന് പുറത്തുള്ളവരുടെ കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.
47839 മഞ്ഞ കാര്‍ഡുകളിലായി 155893 ഗുണഭോക്താക്കളാണുള്ളത്. 335904 കാര്‍ഡുകളാണ് പിങ്ക് വിഭാഗത്തിലുള്ളത്. ഇതില്‍ 1153299 ഗുണഭോക്താക്കളാണുള്ളത്. കഴിഞ്ഞ മാര്‍ച്ചില്‍ നടത്തിയ മസ്റ്ററിംഗില്‍ 12 ശതമാനം പേര്‍ മാത്രമാണ് മസ്റ്ററിംഗ് നടത്തിയത്. ഇപ്പോള്‍ റേഷന്‍ കടകളില്‍ മസ്റ്ററിംഗിന് വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ജില്ലയിലെ 1392 റേഷന്‍ കടകളിലും മസ്റ്ററിംഗ് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

ആധാര്‍ കൃത്യമായിരിക്കണം
റേഷന്‍ കാര്‍ഡിലെ അംഗങ്ങള്‍ ആധാറുമായെത്തിയാണ് മസ്റ്ററിംഗ് നടത്തേണ്ടത്. കാര്‍ഡ് ഉടമകള്‍ നേരിട്ടെത്തി ഇ പോസില്‍ വിരല്‍ പതിപ്പിച്ചാണ് ബയോ മെട്രിക് മസ്റ്ററിംഗ് പൂര്‍ത്തിയാക്കേണ്ടത്.
മസ്റ്ററിംഗ് ചെയ്യാനെത്തുന്ന ഗുണഭോക്താക്കളുടെ ആധാര്‍ വിവരങ്ങള്‍ കൃത്യമല്ലെങ്കില്‍ മസ്റ്ററിംഗ് പൂര്‍ത്തിയാകില്ല. ആധാറിലെ പേര് വിവരങ്ങളിലെ തെറ്റുകള്‍, മറ്റ് പിശകുകള്‍, കൈവിരലുകള്‍ പതിയാതെ വന്നാലും മസ്റ്ററിംഗ് നടത്താനാകില്ല. കിടപ്പുരോഗികള്‍ ഉള്‍പ്പടെയുള്ളവരുടെ മസ്റ്ററിംഗ് വീട്ടിലെത്തി നടത്താനുള്ള നടപടികള്‍ പരിഗണനയിലാണ്. എന്‍ഐസിയും ഐടി മിഷനുമാണ് മസ്റ്ററിംഗ് സംബന്ധമായ വിഷയങ്ങള്‍ പരിഹരിക്കുന്നത്.
മുമ്പ് പലപ്പോഴും സെര്‍വര്‍ തകരാറ് മൂലം മസ്റ്ററിംഗ് നടത്താന്‍ പറ്റാത്ത സാഹചര്യമുണ്ടായിരുന്നു. മസ്റ്റര്‍ ചെയ്യുന്ന വിവരങ്ങള്‍ ക്യത്യമാണോയെന്ന് താലൂക്ക് സപ്ലൈ ഓഫീസില്‍ നിന്ന് പരിശോധിച്ച ശേഷമാണ് സൈറ്റിലേക്ക് അപ്പ്‌ലോഡ് ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here