കിണറില്‍ നിന്നും കക്കൂസ് കുഴിക്ക് അകലം കുറവെന്ന് ആരോപണം: അളക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Advertisement

കൊല്ലം: കിണറില്‍ നിന്നും കക്കൂസ് കുഴിക്കുള്ള അകലം സംബന്ധിച്ച തര്‍ക്കം പരിഹരിക്കാന്‍ പരാതിക്കാരന്റെ സാന്നിധ്യത്തില്‍ അളക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ഇക്കാര്യത്തില്‍ വെളിയം പഞ്ചായത്ത് സെക്രട്ടറി സമവായ ചര്‍ച്ച നടത്തി പരാതി പരിഹരിക്കണമെന്നും കമ്മീഷന്‍ അംഗം വി.കെ ബീനാകുമാരി ഉത്തരവില്‍ പറഞ്ഞു.
കൊട്ടറ മീയണ്ണൂര്‍ സ്വദേശി കെ.എസ്. കോശിയുടെ പരാതി തീര്‍പ്പാക്കികൊണ്ടാണ് ഉത്തരവ്. കക്കൂസ് കുഴിയുടെ നിര്‍മ്മാണം വെളിയം ഗ്രാമപഞ്ചായത്ത് സെക്രട്ടറി തടഞ്ഞെന്നാണ് പരാതി. കമ്മീഷന്‍ പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങി. ആന്‍സി.ഡി.ബാബു എന്നയാളുടെ കുടിവെള്ള കിണറില്‍ നിന്നും 7.5 മീറ്റര്‍ അകലം പാലിക്കാത്തതുകൊണ്ടാണ് കക്കൂസ് കുഴിയുടെ നിര്‍മ്മാണം തടഞ്ഞതെന്ന് പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു.
എന്നാല്‍ ചട്ടപ്രകാരം അകലമില്ലെന്ന വ്യാജ റിപ്പോര്‍ട്ടാണ് നല്‍കിയതെന്ന് പരാതിക്കാരന്‍ കമ്മീഷനെ അറിയിച്ചു. തുടര്‍ന്നാണ് പരാതിക്കാരനെ ബോധ്യപ്പെടുത്തി സ്ഥലം ഒരിക്കല്‍ കൂടി അളക്കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടത്.

Advertisement