കരുനാഗപ്പള്ളി. ബാഗ്ലൂര്‍ കേന്ദ്രീകരിച്ച് കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലേക്ക് എം.ഡി.എം.എയും മയക്കുമരുന്നുകളും കടത്തുന്ന താന്‍സാനിയക്കാരന്‍ ഉള്‍പ്പടെ രണ്ട് പേര്‍ പോലീസ് പിടിയിലായി. താന്‍സാനിയ സ്വദേശി, അബ്ദുള്‍ നാസര്‍ അലി മകന്‍ ഇസ്സാ അബ്ദുല്‍ നാസര്‍ (29), കരുനാഗപ്പള്ളി, മരു നോര്‍ത്ത്, സൂര്യ ഭവനില്‍ സുശീലന്‍ മകന്‍ സുജിത് (24) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ ലഹരി വ്യാപാരവും ഉപയോഗവും തടയുന്നതിനായ് സംസ്ഥാന വ്യാപകമായി നടത്തിയ ഓപ്പറേഷന്‍ ഡി-ഹണ്ട് ന്‍റെ ഭാഗമായ് കരുനാഗപ്പള്ളി പോലീസ് നടത്തിയ പരിശോധനയില്‍ മാരക മയക്ക് മരുന്നായ 30 ഗ്രാം എം.ഡി.എം.എ യുമായി ആലുംകടവിലുള്ള രാഹുല്‍(24) കരുനാഗപ്പളളി പോലീസിന്‍റെ പിടിയിലായിരുന്നു. ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ ഐ.പി.എസ് ന്‍റെ നിർദ്ദേശപ്രകാരം കരുനാഗപ്പള്ളി എ.എസ്.പി അഞ്ജലി ഭാവന ഐ.പി.എസ് ന്റെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ സംസ്ഥാനത്തേക്ക് വൻ തോതിൽ മയക്കു മരുന്ന് കടത്താൻ നേതൃത്വം നൽകുന്ന താന്‍സാനിയ സ്വദേശിയെ കുറിച്ചും ജില്ലയിലെ ഇയാളുടെ സഹായിയായ സുജിത്തിനെ കുറിച്ചും വിവരം ലഭിക്കുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇവരെ പിടികൂടുന്നതിനായി പ്രത്യേക പോലീസ് സംഘത്തെ രൂപീകരിച്ച് ബാഗ്ലൂരിലേക്ക് അയക്കുകയും ചെയ്തു. പോലീസിന് പ്രതികളുടെ കൃത്യമായ മൊബൈല്‍ ലൊക്കേഷന്‍ ലഭിച്ചില്ലെങ്കിലും പ്രതികളുടെ ഓണ്‍ലൈന്‍ ഇടപാടുകൾ നിരീക്ഷിച്ച് പോലീസ് സംഘം പ്രതികള്‍ താമസിക്കുന്ന സ്ഥലം കണ്ടെത്തി.എന്നാല്‍ ഇവരുടെ മുറിയില്‍ കയറി അക്രമവാസനയുള്ള പ്രതികളെ കീഴ്പ്പെടുത്തുന്നത് ദുഷ്കരമായതിനാല്‍ ഇവര്‍ പുറത്ത് ഇറങ്ങുന്നതു വരെ പുറത്ത് കാത്ത് നിന്ന ശേഷം പ്രതികളെ സഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. ഇവരുടെ മയക്കു മരുന്ന് ശൃംഖലയെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ച് വരികയാണ്. കരുനാഗപള്ളി ഇന്‍സ്പെക്ടര്‍ ബിജു വി എസ്.ഐ മാരായ ഷമീര്‍, ഷാജിമോന്‍, വേണുഗോപാല്‍, എസ്.സി.പി.ഓ ഹാഷിം, രാജീവ്കുമാര്‍, രതീഷ്, വിനോദ്, സിപിഒ റിയാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Home News Breaking News എംഡിഎംഎ കടത്തല്‍; മൊത്തക്കച്ചവടക്കാരനായ താന്‍സാനിയക്കാരന്‍ ഉള്‍പ്പടെ രണ്ട് പേര്‍ പോലീസ് പിടിയില്‍