കൊല്ലം -എറണാകുളം പുതിയ സ്പെഷ്യൽ ട്രെയിൻ സർവീസ് വരുന്നു. തിങ്കള്‍ മുതല്‍ വെള്ളിവരെ ആഴ്ചയില്‍ അഞ്ച് ദിവസമായിരിക്കും ട്രെയിന്‍ സര്‍വീസ് ഉണ്ടായിരിക്കുക. ഇതോടെ പാലരുവി, വേണാട് എക്സ്പ്രസ്സുകളിലെ യാത്രാദുരിതത്തിന് അറുതിയാകും. ആദ്യഘട്ടത്തിൽ എറണാകുളം മുതല്‍ കൊല്ലം വരെ, പിന്നീട് പുനലൂരേക്കും നീട്ടും. ഫെയ്‌സ്ബുക്കിലൂടെ കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ആഴ്ചകളില്‍ പാലരുവി വേണാട് എന്നീ ട്രെയിനുകളിലെ യാത്രാദുരിതം സംബന്ധിച്ച് നിരവധി വാര്‍ത്തകള്‍ വരികയും അടിയന്തിരമായി പുനലൂരിലും എറണാകുളത്തിനും ഇടയില്‍ മെമ്മു സര്‍വീസ് തുടങ്ങണമെന്ന് ആവശ്യപ്പെട്ട് റെയില്‍വേ മന്ത്രി, റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവരെ ഡല്‍ഹിയില്‍ നേരിട്ട് എത്തി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു ഉറപ്പുവാങ്ങിയിരുന്നെന്നും എംപി വ്യക്തമാക്കി.
ആദ്യഘട്ടത്തില്‍ കൊല്ലത്തിനും എറണാകുളത്തിനും ഇടയില്‍ സ്‌പെഷ്യല്‍ സര്‍വീസായിട്ടാണ് മെമ്മു ഓടുക. പുനലൂര്‍ മുതല്‍ എറണാകുളം വരെയുള്ള റൂട്ടില്‍ പുതിയ റാക്ക് ലഭ്യമാകുന്ന മുറക്ക് സര്‍വീസ് ആരംഭിക്കും. കൊല്ലത്തുനിന്ന് എറണാകുളത്തേക്ക് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാവിലെ 6.15നും ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ 9.35നുമായിരിക്കും സര്‍വീസ്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഉച്ചക്ക് ഒരു മണിക്കും മറ്റ് ദിവസങ്ങളില്‍ രാവിലെ 9.50നുമായിരിക്കും സര്‍വീസ് നടത്തുക.