916 മുക്കുപണ്ടം തട്ടിപ്പ്; ഒരാള്‍ കൂടി അറസ്റ്റില്‍

Advertisement

കൊല്ലം: മുക്കുപണ്ടങ്ങളില്‍ 916 മുദ്ര വ്യാജമായി പതിപ്പിച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തില്‍ ഒരാള്‍കൂടി പിടിയില്‍. കൊല്ലം ആയത്തില്‍ വടക്കേവിള വില്ലേജില്‍ ചരുവിള വീട്ടില്‍ സുധീഷ് ആണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്. ഇയാള്‍ക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകള്‍ ഉണ്ട്. ഇരവിപുരം പോലീസ് സ്റ്റേഷനില്‍ തന്നെ നാല് കേസുകള്‍ നിലവിലുണ്ട്.
സംഘത്തിലെ രണ്ട് സ്ത്രീകളെ ദിവസങ്ങള്‍ക്കുമുമ്പ് ഇരവിപുരം പൊലീസ് പിടികൂടിയിരുന്നു. സംഘത്തില്‍ ഇനിയും ആളുകള്‍ ഉള്ളതായി സുധീഷില്‍ നിന്ന് വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു.
916 പതിപ്പിച്ച വ്യാജ മുക്കുപണ്ടങ്ങള്‍ പണയം വച്ച് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് പണം തട്ടുന്നതിനൊപ്പം ധനകാര്യ സ്ഥാപനങ്ങളില്‍ സ്വര്‍ണാഭരണം പണയം വെച്ചിരിക്കുന്ന ചില ആളുകളെ സമീപിച്ച് അവര്‍ക്ക് മുക്കുപണ്ടങ്ങള്‍ നല്‍കി, ഇത് പണയം വച്ച ശേഷം യഥാര്‍ത്ഥ സ്വര്‍ണം തിരികെ എടുത്ത് തട്ടിപ്പു നടത്തുകയുമായിരുന്നു സംഘത്തിന്റെ രീതി.
സിറ്റി പോലീസ് കമ്മീഷണര്‍ ചൈത്ര തെരേസ ജോണിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസിപി ഷെരീഫിന്റെ നിര്‍ദ്ദേശാനുസരണം ഇരവിപുരം ഇന്‍സ്‌പെക്ടര്‍ രാജീവിന്റെ നേതൃത്വത്തിലാണ് പ്രതിയെ ശൂരനാട് ഒളി സങ്കേതത്തില്‍ നിന്നും പിടികൂടിയത്.
ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ വ്യാജ 916 മുദ്രയുള്ള ആഭരണങ്ങള്‍ നിര്‍മിച്ച് നല്‍കുന്ന ആളിനെയും പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.
സബ് ഇന്‍സ്‌പെക്ടര്‍ ജയേഷ്, അനീഷ്, സുമേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Advertisement