പുനലൂര്‍: പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകമായ പുനലൂര്‍ തൂക്കുപാലത്തിലെ ദ്രവിച്ച നടപ്പലകകള്‍ മാറ്റി. ഒരുവര്‍ഷം മുന്‍പ് നടത്തിയ നവീകരണ പ്രവൃത്തിയുടെ ബാധ്യതാ കാലാവധി (ഡിഎല്‍പി) അവസാനിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് ദ്രവിച്ച പലകകള്‍ അടിയന്തിരമായി മാറ്റിസ്ഥാപിച്ചത്.
മണ്ണടിയില്‍ സൂക്ഷിച്ചിട്ടുള്ള കമ്പകത്തടി എത്തിച്ചാണ് പലകകള്‍ മാറ്റിയത്. പുനലൂരിലെ അമിതമായ ചൂടും കാലാവസ്ഥാ വ്യതിയാനവുമാണ് പാലത്തിലെ പലകകള്‍ വേഗം ദ്രവിക്കുന്നതിന് കാരണമാകുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
സര്‍ക്കാരിന്റെ മൂന്നാം നൂറുദിന കര്‍മപദ്ധതിയില്‍പെടുത്തി ഒരുവര്‍ഷം മുന്‍പാണ് പാലം പുനരുദ്ധരിച്ചത്. പുരാവസ്തു വകുപ്പില്‍ നിന്ന് അനുവദിപ്പിച്ച 26.88 ലക്ഷം രൂപ ഉപയോഗിച്ചായിരുന്നു ഇത്. പാലത്തിന്റെ അടിയിലും പുറത്തുമുള്ള ഗര്‍ഡറുകളിലെ തുരുമ്പു നീക്കി ചായം പൂശുകയും നടപ്പലകകള്‍ കശുവണ്ടിക്കറ പൂശി ബലപ്പെടുത്തുകയും പാര്‍ശ്വഭിത്തി പുനര്‍നിര്‍മിക്കുകയും കല്‍ക്കമാനങ്ങളുടെ അടിത്തട്ട് ബലപ്പെടുത്തുകയും ചെയ്തു.
2023 ഫെബ്രുവരിയില്‍ ആരംഭിച്ച പുനരുദ്ധാരണം ഏപ്രിലില്‍ പൂര്‍ത്തിയാക്കി മെയ് 10ന് പാലം വീണ്ടും തുറന്നുനല്‍കി. രണ്ടുവര്‍ഷത്തിനുള്ളില്‍ തൂക്കുപാലത്തിലെ മുഴുവന്‍ നടപ്പലകകളും മാറ്റി പുതിയ കമ്പകപ്പലകകള്‍ സ്ഥാപിക്കും.
1.35 കോടി രൂപ ചെലവഴിച്ച് 2016-ല്‍ നടത്തിയ പുനരുദ്ധാരണത്തിന്റെ ഭാഗമായി സ്ഥാപിച്ച കമ്പകപ്പലകകളാണ് ഇപ്പോള്‍ പാലത്തിലുള്ളത്. വരുന്ന രണ്ടു സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ പലകകള്‍ മാറ്റിസ്ഥാപിക്കാനാണ് അധികൃതര്‍ ആലോചിക്കുന്നത്. ഇതിനുള്ള കമ്പകത്തടി വകുപ്പിന്റെ ശേഖരത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.
1877 ല്‍ ബ്രിട്ടീഷ് എന്‍ജിനീയര്‍ ആല്‍ബര്‍ട്ട് ഹെന്‍ട്രിയുടെ നേതൃത്വത്തില്‍ കല്ലടയാറിനു കുറുകെ നിര്‍മിച്ചതാണ് തൂക്കുപാലം. നാലുവശത്തുമായി നിര്‍മിച്ചിരിക്കുന്ന കിണറുകളിലെ കൊളുത്തില്‍ തൂക്കി കൂറ്റന്‍ ചങ്ങലകളില്‍ ബന്ധിപ്പിച്ചിരിക്കുന്ന പാലത്തിന്റെ നിര്‍മാണവിദ്യ ഇപ്പോഴും വിസ്മയിപ്പിക്കുന്നതാണ്.