കൊല്ലം: ജില്ലയിലെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ക്ക് യോഗ്യതക്ക് അനുസരിച്ച തൊഴില്‍ സാദ്ധ്യതകള്‍ കണ്ടെത്തുന്നതിന് ജില്ലയില്‍ നടത്തുന്ന കരിയര്‍ എക്സ്പോ സഹായകരമാകുമെന്ന് കളക്ടര്‍ എന്‍. ദേവിദാസ് പറഞ്ഞു. തൊഴില്‍ ദാതാക്കളുമായി കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. പുതുതലമുറ ജോലി സാദ്ധ്യതകള്‍ കണ്ടെത്തുക എന്ന ലക്ഷ്യം വച്ചാണ് 19ന് ജില്ലയില്‍ കരിയര്‍ എക്സ്പോ സംഘടിപ്പിക്കുക. കുടുംബശ്രീക്കാണ് സംഘാടനത്തിന്റെ പ്രധാന ചുമതല.
പ്ലസ് ടു കഴിയുമ്പോള്‍ തന്നെ ഏത് മേഖലയില്‍ തൊഴില്‍ സാധ്യത എന്ന് കണ്ടെത്തി പഠനം തിരഞ്ഞെടുക്കാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനുള്ള ചര്‍ച്ചകളും എക്സ്പോയുടെ ഭാഗമായി നടത്തും. വിദേശ യൂണിവേഴ്സിറ്റികള്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പോടുകൂടിയുള്ള പഠന അവസരങ്ങളും അറിയുന്നതിന് എക്സ്പോ സഹായകരമാകും. സബ് കളക്ടര്‍ നിഷാന്ത് സിഹാര, കുടുംബശ്രീ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വിമല്‍ ചന്ദ്രന്‍, സുനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.