ശാസ്താംകോട്ട:ശാസ്താംകോട്ട പൊലീസിൻ്റെ മൂക്കിൻ തുമ്പത്ത് തടാകതീരം കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനങ്ങളും ലഹരി വില്പനയും ഉപയോഗവും വ്യാപകമാകുന്നതായി പരാതി.പൊലീസിന് പരാതി നല്‍കാനെത്തുന്നവരെ പോലും ആക്രമിക്കുന്ന സംഭവങ്ങളുണ്ട്. ദിവസങ്ങൾക്കു മുമ്പ് പ്ലസ് ടു വിദ്യാർത്ഥികളായ കമിതാക്കൾ കായലിൽ ചാടി ആത്മഹത്യ ചെയ്തിട്ടും തടാകതീരത്ത് ജാഗ്രത പുലർത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ശാസ്താംകോട്ട പൊലീസിൽ നിരവധി പരാതികൾ നൽകിയിട്ടും സംഭവങ്ങളുടെ ഗൗരവം മനസിലാക്കി നാട്ടുകാർ നേരിട്ട് വിളിച്ച് അറിയിക്കാറുണ്ടെങ്കിലും പൊലീസ് തിരിഞ്ഞു നോക്കാറില്ലെന്ന് ആക്ഷേപമുണ്ട്.
കൂടുതലായും സ്കൂൾ – കോളേജ് വിദ്യാർത്ഥികളാണ് തടാകതീരത്ത് എത്തുന്നത്.സ്കൂൾ വിദ്യാർത്ഥികളിൽ പലരും യൂണിഫോമിൽ തന്നെയാകും എത്തുന്നത്.അമ്പലക്കടവ് മുതൽ കോളേജിന് താഴെ മുളങ്കൂട്ടം വരെ നീളുന്ന തീരത്തെ മൊട്ടക്കുന്നുകൾക്ക് താഴെയുള്ള പൊന്തക്കാടുകൾ കേന്ദ്രീകരിച്ചാണ് ഇക്കൂട്ടർ തമ്പടിക്കുന്നത്.ചില ഭാഗങ്ങളിൽ ‘ബങ്കർ’ പോലെയുള്ള താവളങ്ങളും കാണാം.വള്ളക്കടവ് കഴിഞ്ഞാൽ കായൽ കാണാൻ എത്തുന്നവരോ പ്രദേശവാസികളോ ആരും തന്നെ അത്തരം ഭാഗങ്ങളിലേക്ക് പോകാറില്ല.എംഡിഎംഎംഎ പോലുള്ള രാസലഹരിയുടെ ഉപയോഗവും കൈമാറ്റവും തീരം കേന്ദ്രീകരിച്ച് നടക്കുന്നുണ്ട്.രാത്രികാലങ്ങളിൽ ഇത് സർവ്വസാധാരണമാണത്രേ.
അനാശാസ്യങ്ങളും ലഹരി ഉപയോഗവും ശ്രദ്ധയിൽപ്പെടുന്ന നാട്ടുകാർ മുൻപ് പ്രതികരിക്കുമായിരുന്നു. എന്നാൽ
പ്രതികരിക്കുന്നവരെ സദാചാര പൊലീസായി ചിത്രീകരിച്ച് പൊലീസ് തന്നെ നിയമനടപടികളിലേക്ക് വലിച്ചിഴയ്ക്കുമെന്നതിനാൽ ഇപ്പോൾ അതിനും ആരും മിനക്കെടാറില്ല. മുൻപ്
ജില്ലയിൽ നിന്നും അയൽ ജില്ലകളിൽ നിന്നും കുടുംബാംഗങ്ങളുമൊത്ത് കായൽ സൗന്ദര്യം ആസ്വദിക്കാനും വിവാഹ പാർട്ടികൾ സേവ് ദ ഡേറ്റ് ഷൂട്ട് ചെയ്യാനെത്തുന്നവരും ധാരാളമായിരുന്നു.എന്നാൽ ഇപ്പോഴതല്ല സ്ഥിതി.സഞ്ചാരികളുടെ എണ്ണം അനുദിനം കുറഞ്ഞു വരികയാണെന്ന് റിപ്പോർട്ടുണ്ട്.തടാകതീരത്ത് തെരുവ് വിളക്കുകൾ ഇല്ലാത്തതും നിരീക്ഷണ ക്യാമറകളുടെ അഭാവവും പ്രശ്നമായിട്ടുണ്ട്.കഴിഞ്ഞ ആഴ്ചയാണ് പ്ലസ് വൺ വിദ്യാർത്ഥികളായ പൂയപ്പള്ളി സ്വദേശികളുടെ മൃതദേഹം തടാകത്തിൽ പൊങ്ങിയ നിലയിൽ കണ്ടെത്തിയത്.സുഹൃത്തുക്കളായ ഇരുവരും ആത്മഹത്യ ചെയ്യാൻ കിലോമീറ്ററുകൾക്ക് അകലെ നിന്നുമെത്തി ശാസ്താംകോട്ട കായലിൽ ചാടുകയായിരുന്നുവത്രേ. ആത്മഹത്യ ചെയ്യാൻ കണ്ടെത്തിയ സുരക്ഷിത പ്രദേശം ശാസ്താംകോട്ട പൊലീസ് സ്‌റ്റേഷനു സമീപമെന്നതാണ് ഞെട്ടിക്കുന്നത്. തടാകതീരത്ത് വീടുകളില്ലാത്ത ഈ ഭാഗത്ത് എന്തും സംഭവിക്കാമെന്ന അവസ്ഥയാണ്. തീരത്ത് കവലേര്‍പ്പെടുത്തണമെന്നുള്ള ആവശ്യം പലരും ഉന്നയിച്ചിട്ടുള്ളതാണ്.
കോളേജ് റോഡിൽ നിന്നും അമ്പലക്കടവിലേക്ക് പ്രവേശിക്കുന്ന ഭാഗം മുതൽ നിരീക്ഷണത്തിനായി പൊലീസിനെ നിയോഗിക്കുകയും ഇടയ്ക്കിടയ്ക്ക് പരിശോധന ശക്തമാക്കുകയും ചെയ്താൽ തടാകതീരത്ത് വർദ്ധിച്ചു വരുന്ന അനാശാസ്യ പ്രവർത്തനങ്ങൾക്കും മയക്കുമരുന്ന് ഉപയോഗത്തിനും വിപണനത്തിനും ദിവസങ്ങൾക്കുള്ളിൽ അറുതി വരുത്താൻ കഴിയുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. എന്നാൽ ഇതിനൊന്നും പൊലീസിന് സമയവും താല്പര്യവും ഇല്ലെന്നതാണ് യാഥാർത്ഥ്യം.