മുക്കുപണ്ട പണയ തട്ടിപ്പ്: മുഖ്യകണ്ണി ഉള്‍പ്പെടെ രണ്ടു പേര്‍കൂടി അറസ്റ്റില്‍

Advertisement

കൊല്ലം: മുക്കുപണ്ടം പണയം വെച്ച കേസില്‍ രണ്ട് വ്യത്യസ്ത സംഭവങ്ങളില്‍ മുഖ്യകണ്ണി ഉള്‍പ്പെടെ രണ്ടുപേര്‍ കൂടി കൊല്ലം നഗരത്തില്‍ അറസ്റ്റിലായി. ഇതോടെ വിവിധ കേസുകളില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
ഇരവിപുരം പോലീസ് രജിസ്റ്റര്‍ ചെയ്ത നാല് കേസുകളുമായി ബന്ധപ്പെട്ട് ടികെഎം കോളേജ് പോസ്റ്റോഫീസില്‍ കോളേജ് നഗര്‍ 112 കൂട്ടത്ത് വിള വീട്ടില്‍ അല്‍ത്താഫ് മന്‍സില്‍ അല്‍ത്താഫ് (27), ശക്തികുളങ്ങര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളുമായി ബന്ധപ്പെട്ട് ശക്തികുളങ്ങര പഴമ്പിള്ളി മഠം തുളസീധരന്‍ (52) എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. പുന്തലത്താഴത്തുള്ള നാല് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ മുക്കുപണ്ടം പണയം വെച്ച കേസിലാണ് ഇരവിപുരത്ത് അറസ്റ്റ് നടന്നത്.
മുക്കുപണ്ട പണയ തട്ടിപ്പുമായി ബന്ധപ്പെട്ട് നേരത്തെ സഞ്ചു ചന്ദ്രന്‍, രതീഷ്, ഗീത, ഗിരിജ, സുധീഷ് എന്നിവരെ ഇരവിപുരം പോലീസ് അറസ്റ്റു ചെയ്തിരുന്നു. 12.3 ഗ്രാം പണയം വച്ച് 55,000 രൂപ തട്ടിയ കേസില്‍ സഞ്ചൂ ചന്ദ്രനെയും, രണ്ട് സംഭവങ്ങളിലായി 10 ഗ്രാം വീതം വെച്ച് 50,000, 41,000 രൂപ വാങ്ങിയ കേസില്‍ രതീഷിനെയും 13 ഗ്രാം സ്വര്‍ണം പണയം വെയ്ക്കാന്‍ ശ്രമിച്ച കേസിലുമാണ് ഗീത, ഗിരിജ എന്നിവര്‍ അറസ്റ്റിലായത്. ഈ വര്‍ഷം മെയ്, ആഗസ്ത് മാസങ്ങളിലായിരുന്നു തട്ടിപ്പ് നടന്നത്.
പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ തട്ടിപ്പിന്റെ ഉറവിടം കണ്ടെത്തുന്നതിനായി കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ചൈത്ര തെരേസ ജോണ്‍ പ്രത്യക സംഘത്തെ രൂപീകരിച്ചിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് രണ്ടു പേര്‍ കൂടി അറസ്റ്റിലായത്.
പുന്തലത്താഴത്ത് പണയം വെച്ച് കേസുകളുമായി ബന്ധപ്പെട്ട സുധീഷ് എന്നയാളെ മൂന്നുദിവസം മുമ്പ് ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ പുന്തലത്താഴത്ത് പണയം വെച്ച എല്ലാ കേസുകളിലും മുക്കുപണ്ടം പ്രതികള്‍ക്ക് നല്‍കിയത് സുധീഷ് ആണെന്ന് സമ്മതിച്ചിരുന്നു.
ഒരു ലക്ഷം രൂപയ്ക്ക് 25000 രൂപ കമ്മീഷന്‍ എന്ന നിലയില്‍ ആയിരുന്നു ഇയാള്‍ നല്‍കിയിരുന്നത്. സംശയം തോന്നാതിരിക്കുന്നതിനായി സാമ്പത്തിക ബുദ്ധിമുട്ടുള്ള പ്രദേശവാസികളെ കണ്ടെത്തി പരിചയം ഉണ്ടാക്കി പണയം വെപ്പിക്കുകയായിരുന്നു.
സുധീഷ് ഉള്‍പ്പെടെയുള്ളവര്‍ക്ക് മുക്കുപണ്ടം എത്തിച്ചു നല്‍കുന്നത് അല്‍താഫ് ആണെന്ന് നേരത്തെ പോലീസിന് വിവരം ലഭിച്ചിരുന്നു. വളരെ നാളായി നിരീക്ഷണത്തിലായിരുന്ന ഇയാള്‍ ഇന്നലെ പുലര്‍ച്ചെ തഴുതല ഭാര്യ വീട്ടില്‍ എത്തിയപ്പോഴാണ് പിടിയിലായത്. വിചാരണ നടക്കുന്ന എംഡിഎംഎ കേസില്‍ ഉള്‍പെടെ ആറ് കേസുകളില്‍ അല്‍ത്താഫ് പ്രതിയാണ്.
മുക്കുപണ്ടം പണയം വെയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രധാന കണ്ണിയാണ് അല്‍ത്താഫിന്റെ അറസ്റ്റ് വഴി പുറത്തുവന്നത്. മുക്കുപണ്ടം ഉണ്ടാക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തി മറ്റു പ്രതികളെ അറസ്റ്റ് ചെയേണ്ടതായും ശക്തികുളങ്ങര കേസിലും ഉറവിടം കണ്ടെത്തേണ്ടതുണ്ടെന്നും കൊല്ലം എസിപി എസ്. ഷെറീഫ് പറഞ്ഞു.
കാവനാട് സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ ഏപ്രില്‍ 24ന് 10 ഗ്രാം സ്വര്‍ണം പണയപ്പെടുത്തി 40,500 രൂപ തട്ടിയ കേസിലാണ് തുളസീധരന്‍ അറസ്റ്റിലായത്. ഇയാളെ ചോദ്യം ചെയ്തതില്‍ കാവനാട്, ശക്തികുളങ്ങര, രാമന്‍കുളങ്ങരയിലെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ പണയം വെച്ചതായി സമ്മതിച്ചു.
പ്രത്യേക അന്വേഷണ സംഘത്തില്‍ ഇരവിപുരം ഇന്‍സ്‌പെക്ടര്‍ ആര്‍. രാജീവ്, ശക്തികുളങ്ങര ഇന്‍സ്‌പെക്ടര്‍ ആര്‍. രതീഷ്, ഇരവിപുരം എസ്‌ഐ ജയേഷ്, ജിഎസ്‌ഐ അജിത്, സിപിഒ മാരായ സുമേഷ്, അനീഷ്, അനൂപ്, ശക്തികുളങ്ങര ജിഎസ്‌ഐമാരായ പ്രദീപ്, ഗോപാലകൃഷ്ണന്‍, എസ്പിപിഒ മനു എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് കേസ് അന്വേഷിച്ചതും പ്രതികളെ അറസ്റ്റ് ചെയ്തതും.

Advertisement