കോഴി കച്ചവടത്തിന്റെ മറവില്‍ ലഹരി കച്ചവടം; 200 കിലോ പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു

Advertisement class="td-all-devices">

കൊല്ലം: കോഴി കച്ചവടത്തിന്റെ മറവില്‍ ലഹരി കച്ചവടം നടത്തിയിരുന്നയാള്‍ കൊല്ലം എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. മുണ്ടയ്ക്കല്‍ മണിയന്‍കുളം കെടിഎന്‍ നഗര്‍ 227-ല്‍ രാജ നിവാസില്‍ രാജ (36) ആണ് പിടിയിലായത്. ഇയാളുടെ വീട്ടില്‍ നിന്നും അനധികൃതമായി വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 200 കിലോ പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു.
നിരവധിപേര്‍ രാത്രിയും പകലും ഈ വീട്ടില്‍ വന്ന് പോകുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് ഷാഡോ സംഘം ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു. വീടിന്റെ മുറിയില്‍ 9 ചാക്ക് കെട്ടുകളിലായി ആണ് പുകയില ഉല്‍പ്പനങ്ങള്‍ സൂക്ഷിച്ചിരുന്നത്.
സമീപപ്രദേശങ്ങളിലെ കടകള്‍ക്ക് വില്‍പ്പനക്കായി പുകയില ഉല്‍പ്പന്നങ്ങള്‍ തൂക്കി നല്‍കിയിരുന്നതും ഇവിടെ നിന്നാണ്. ഇതിനായി ഉപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസും എക്‌സൈസ് സംഘം പിടിച്ചെടുത്തു.
കൊല്ലം എക്‌സൈസ് റേഞ്ച് ഓഫീസിലെ അസി. എക്സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍. രജിത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ വിനോദ്.ആര്‍. ജി., ശ്രീകുമാര്‍.ജി, പ്രിവന്റീവ് ഓഫീസര്‍മാരായ അനീഷ് കുമാര്‍.എസ്, ജ്യോതി.റ്റി. ആര്‍., സിവില്‍ എക്‌സൈസ് ഓഫീസര്‍ ആദില്‍ഷ.എസ് തുടങ്ങിയവര്‍ പങ്കെടുത്തു.