പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിടികൂടി

Advertisement

കൊല്ലം: പൊതു നിരത്തില്‍ അക്രമം കാണിച്ചതിന് കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത കാപ്പാ പ്രതി പിടിയില്‍. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇരവിപുരം, കൂട്ടിക്കട, മിറാഷ് മന്‍സിലില്‍ മിറാഷ്(27) ആണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച രാത്രി 8ന് ഇയാള്‍ ഇരവിപുരത്തെ ഒരു ബാറില്‍ ബഹളം ഉണ്ടാക്കുന്നെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സംഘം ബാറില്‍ എത്തി.
എന്നാല്‍ പോലീസ് എത്തുന്നതിന് മുമ്പ് ബാറില്‍ നിന്നും പോയ ഇയാള്‍ ഇരവിപുരം ജോളി ജംഗ്ഷനിലെത്തി അക്രമം ഉണ്ടാക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘം ഇയാളെ പിടികൂടി വാഹനത്തില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടിയില്‍ ഇയാള്‍ പോലീസ് ഉദ്യോഗസ്ഥരെയും ചീത്ത വിളിച്ചുകൊണ്ട് ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് ബലപ്രയോഗത്തിലൂടെ ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനും ആക്രമിച്ച് പരിക്കേല്‍പ്പിച്ചതിനും ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യ്തിട്ടുണ്ട്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും കാപ്പാ നിയമപ്രകാരം രണ്ട് തവണ കരുതല്‍ തടങ്കലില്‍ കഴിഞ്ഞിട്ടുള്ള ആളുമാണ് ഇയാള്‍.