കോളേജുകളില്‍ അഡ്മിഷന്‍ വാങ്ങി നല്‍കാമെന്ന് വാഗ്ദാനം നല്‍കി പണം തട്ടിയ പ്രതി പിടിയില്‍

Advertisement

കൊല്ലം: ഇതര സംസ്ഥാന കോളേജുകളില്‍ അഡ്മിഷന്‍ വാങ്ങി നല്‍കാമെന്ന് വാഗ്ദാനം നല്‍കി നിരവധി വിദ്യാര്‍ത്ഥികളില്‍ നിന്നും പണം തട്ടിയ പ്രതി പോലീസിന്റെ പിടിയിലായി. കുന്നിക്കോട്, മേലില ശ്യാംനിവാസില്‍ ശ്യാംകുമാര്‍ (34) ആണ് ചാത്തന്നൂര്‍ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ വര്‍ഷം കര്‍ണാടകയിലുള്ള കോളേജുകളില്‍ പ്രൊഫഷണല്‍ കോഴ്‌സുകളിലേക്ക് സ്‌കോളര്‍ഷിപ്പോടെ അഡ്മിഷന്‍ വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി വിദ്യാര്‍ത്ഥികളില്‍ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിലാണ് ഇയാള്‍ പിടിയിലായത്.
തട്ടിപ്പിന് ഇരയായ വിദ്യാര്‍ത്ഥികള്‍ ചാത്തന്നൂര്‍, കൊട്ടിയം, പരവൂര്‍ എന്നീ പോലീസ് സ്റ്റേഷനുകളില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചാത്തന്നൂര്‍ എസിപി ഗോപകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ഒളിവില്‍ കഴിഞ്ഞ് വന്ന പ്രതിക്കായി നിരവധി തവണ കര്‍ണാടകയിലെ വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് തിരച്ചില്‍ നടത്തിയെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ഇയാള്‍ തിരുവനന്തപുരം മാറനല്ലൂരില്‍ നിന്നും പോലീസ് സംഘത്തിന്റെ വലയില്‍ അകപ്പെടുകയായിരുന്നു. എസ്.ഐ സുനില്‍കുമാര്‍, എഎസ്‌ഐ ബിന്ദുകുമാരി, സിപിഓമാരായ രാജീവ്, നവാസ്, സുധി, രഞ്ജിത്ത് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisement