ഡിജിറ്റല്‍ സര്‍വെ; പുരോഗതി വിലയിരുത്തി; ഭൂവുടമകള്‍ക്ക് ഒക്ടോബര്‍ 15 വരെ റിക്കാര്‍ഡുകള്‍ പരിശോധിക്കാം

Advertisement

ജില്ലയിലെ ഡിജിറ്റല്‍ സര്‍വെ ഇംപ്ലിമെന്റേഷന്‍ കമ്മിറ്റി യോഗം ജില്ലാ കലക്ടര്‍ എന്‍ ദേവിദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന് ജില്ലയിലെ ഡിജിറ്റല്‍ സര്‍വെ പുരോഗതി വിലയിരുത്തി. ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെട്ട 12 വില്ലേജുകളുടെയും വിവരം 9(2)  പ്രസിദ്ധീകരിച്ചതാണ്. 10 വില്ലേജുകളുടെ റിക്കാര്‍ഡുകള്‍ ഒക്ടോബര്‍ 15 വരെ ഭൂവുടമകള്‍ക്ക് അതത് കേന്ദ്രങ്ങളില്‍ എത്തി പരിശോധിച്ച് പരാതികള്‍ ഉണ്ടെങ്കില്‍ പരിഹരിക്കാനാകും. മങ്ങാട്, കുലശേഖരപുരം വില്ലേജുകളുടെ വിവരങ്ങള്‍ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി.
വില്ലേജ്, റിക്കാര്‍ഡ് പ്രദര്‍ശിപ്പിച്ചിരിക്കുന്ന സ്ഥലം എന്നിവ യഥാക്രമം:
കിളികൊല്ലൂര്‍, കൊറ്റംകര- അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസ് (റീ-സര്‍വെ),  കൊല്ലം (താലൂക്ക് കച്ചേരി).
കല്ലേലിഭാഗം, തൊടിയൂര്‍- കരുനാഗപ്പള്ളി റീ-സര്‍വെ സൂപ്രണ്ടാഫീസ്, (സിവില്‍ സ്റ്റേഷന്‍, കരുനാഗപ്പള്ളി)
പുനലൂര്‍, വാളക്കോട്- ഡിജിറ്റല്‍ സര്‍വെ ക്യാമ്പ് ഓഫീസ് (പി.ഡബ്ല്യൂ.ഡി റെസ്റ്റ് ഹൌസ്)
ഇടമണ്‍- ഡിജിറ്റല്‍ സര്‍വെ ക്യാമ്പ് ഓഫീസ് (പഴയ വില്ലേജാഫീസ്, സത്രം ജങ്ഷന്‍
തലവൂര്‍- ഡിജിറ്റല്‍ സര്‍വെ ക്യാമ്പ് ഓഫീസ്, പകല്‍വീട്, പാണ്ടിത്തിട്ട
വിളക്കുടി- ഡിജിറ്റല്‍ സര്‍വെ ക്യാമ്പ് ഓഫീസ്, അമ്പലം ജങ്ഷന്‍, വിളക്കുടി
പത്തനാപുരം- ഡിജിറ്റല്‍ സര്‍വെ ക്യാമ്പ് ഓഫീസ്, ചേലക്കോട്, വൈ.കെ ടവര്‍
100 ദിന കര്‍മ പദ്ധതിയുടെ ഭാഗമായി ഉദ്ഘാടനം ചെയ്യുന്ന എന്റെ ഭൂമി സംയോജിത പോര്‍ട്ടലിലേക്ക് സര്‍വെ റിക്കാര്‍ഡുകള്‍ വരുന്നതോടെ വസ്തു കൈമാറ്റം, ലൊക്കേഷന്‍ സ്‌കെച്ച്, ഭൂമി കരം അടയ്ക്കല്‍, കൈവശസ്ഥലത്തിന്റെ പൂര്‍ണമായ വിവരങ്ങള്‍, സ്‌കെച്ച്, ബാധ്യതാ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ സേവനങ്ങള്‍ ഇ-പോര്‍ട്ടല്‍ വഴി ലഭ്യമാകും. ഓരോ ഭൂഉടമയുടെയും വസ്തുക്കള്‍ പ്രത്യേകം പാഴ്സലായി സര്‍വെ ചെയ്ത്, ഫോണ്‍ നമ്പര്‍ വേരിഫിക്കേഷന്‍ ഉള്‍പ്പെടെ പൂര്‍ത്തിയാക്കി റിക്കാര്‍ഡിന്റെ ഭാഗമായി വന്നിട്ടുള്ള ഉടമകള്‍ക്കായിരിക്കും സേവനങ്ങള്‍ പോര്‍ട്ടല്‍ വഴി ലഭ്യമാകുക. എല്ലാ ഭൂഉടമകളും ഭൂസേവനങ്ങള്‍ വിരല്‍തുമ്പില്‍ ലഭ്യമാക്കുന്നതിനുള്ള ബൃഹത് പദ്ധതിയുടെ ഭാഗമാകണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. രണ്ടാം ഘട്ടത്തില്‍ ജില്ലയില്‍ നിന്നും തെരഞ്ഞെടുത്ത വില്ലേജുകളില്‍ സര്‍വെ ആരംഭിച്ചിട്ടുണ്ട്. മീനാട് വില്ലേജിന്റെ സര്‍വെ 7 മാസം കൊണ്ട് പൂര്‍ത്തീകരിച്ച് 80 ശതമാനം ആളുകളെയും റിക്കാര്‍ഡുകള്‍ കാണിച്ച് ബോധ്യപ്പെടുത്തി പരാതി പരിഹരിച്ച് 9(2) പ്രസിദ്ധീകരിച്ചതാണ്. തുടര്‍ന്നും റിക്കാര്‍ഡുകള്‍ പരിശോധിച്ച് ആക്ഷേപങ്ങള്‍ പരിഹരിക്കുന്നതിന് ചാത്തന്നൂര്‍ സിവില്‍ സ്റ്റേഷനിലുള്ള ഡിജിറ്റല്‍ സര്‍വെ ക്യാമ്പ് ഓഫീസില്‍ അവസരമുണ്ട്. തൃക്കടവൂര്‍, തേവലക്കര വില്ലേജുകളുടെ 9(2) ഈ മാസം പ്രസിദ്ധീകരിക്കുമെന്നും തുടര്‍ന്ന് ബാക്കിയുള്ള വില്ലേജുകളും സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും ഡിജിറ്റല്‍ സര്‍വെയുടെ മൂന്നാം ഘട്ടത്തില്‍ ഉള്‍പ്പെട്ട വില്ലേജുകളുടെ സര്‍വെ ജോലികള്‍ ഉടന്‍ ആരംഭിക്കുമെന്നും യോഗം വിലയിരുത്തി. ഡിജിറ്റല്‍ സര്‍വെ സംബന്ധിച്ച് പൊതുജനങ്ങളെ കൂടുതല്‍ ബോധവത്കരിക്കുന്നതിനും, റിക്കാര്‍ഡ് പ്രദര്‍ശനത്തിന് 100 ശതമാനം ഭൂവുടമകളെയും പങ്കെടുപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുന്നതിനും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ സബ് കലക്ടര്‍ നിഷാന്ത് സിന്‍ഹാര, എല്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍ ആര്‍. ബീനാറാണി, എല്‍.എസ്.ഡി.ഡി ജോയിന്റ് ഡയറക്ടര്‍ ഡി.സജു, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisement