അന്തരിച്ച കോൺഗ്രസ് നേതാവ് ബ്ലോക്ക് വൈസ് പ്രസിഡൻ്റ്;ജംബോ നേതൃലിസ്റ്റുമായി കുന്നത്തൂർ ബ്ലോക്ക് കമ്മിറ്റി

Advertisement

ശാസ്താംകോട്ട:2018ൽ അന്തരിച്ച പോരുവഴിയിലെ മുതിർന്ന നേതാവിനെ വെസ് പ്രസിഡൻ്റായി നിയമിച്ചു  കൊണ്ടുള്ള കോൺഗ്രസ് കുന്നത്തൂർ ബ്ലോക്ക് കമ്മിറ്റി പട്ടിക പുറത്ത്.15 വർഷക്കാലം പോരുവഴി കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റായിരുന്ന കിണറുവിള ബഷീറിനെയാണ് വൈസ് പ്രസിഡൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഉൾപ്പെടുത്തി കൊണ്ടുള്ള ലിസ്റ്റ് പുറത്തുവന്നത്.ഇദ്ദേഹമടക്കം 5 പഞ്ചായത്തുകളിലെ 8 മണ്ഡലം കമ്മിറ്റികളിൽ നിന്നായി 16 വൈസ് പ്രസിഡൻ്റുമാരാണ് പട്ടികയിലുള്ളത്.ജനറൽ സെക്രട്ടറിമാരെ നിയമിക്കുന്നതിലും പാർട്ടി പിന്നോട്ട് പോയില്ല.അവർ മാത്രം 27 പേരുണ്ട്.എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ 20 പേരെയും ഉൾപ്പെടുത്തിയിട്ടുണ്ട്.മുൻപ് പുറത്തിറക്കിയ ഭാരവാഹി പട്ടിക പരാതിയെ തുടർന്ന് നേതൃത്വം മരവിപ്പിച്ചിരുന്നു.അതിനിടെ ഇപ്പോൾ പ്രസിദ്ധീകരിച്ച ഭാരവാഹി പട്ടികയ്ക്കെതിരെ പാർട്ടിക്കുള്ളിൽ വലിയ അമർഷമാണ് ഉയർന്നിട്ടുള്ളത്.അർഹരെ തഴഞ്ഞ ശേഷം കൂടുതലായും അനർഹരെ തിരികെ കയറ്റിയുള്ള ജംബോ ലിസ്റ്റ് അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം.പാർട്ടി സംഘടിപ്പിക്കുന്ന പരിപാടികളിൽ പ്രവർത്തകരെ ഒഴിവാക്കി നേതാക്കൾ മാത്രം പങ്കെടുത്ത് വിജയിപ്പിക്കാവുന്ന ലിസ്റ്റാണെന്ന പരിഹാസവും ചിലർ ഉയർത്തുന്നു.അതിനിടെ കൂടുതൽ പേരെ ഉൾപ്പെടുത്തി അടുത്ത ലിസ്റ്റ് വീണ്ടും വരുമെന്നും പറയപ്പെടുന്നു.