ഓണവിപണി: കാഷ്യൂ കോർപ്പറേഷന് ആഭ്യന്തര വിപണിയിൽ എട്ടുകോടി രൂപയുടെ വില്പന നേട്ടം

Advertisement

കശുവണ്ടി പരിപ്പിൻ്റെയും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെയും വില്പനയിലൂടെ ഓണക്കാലത്ത് കാഷ്യൂ കോർപ്പറേഷന് ആഭ്യന്തര വിപണിയിൽ എട്ടുകോടി രൂപയുടെ വില്പന നടത്താൻ കഴിഞ്ഞു . ഓണക്കാലത്തെ വിൽപ്പന ലക്ഷ്യമാക്കി കേരളത്തിലെ 14 ജില്ലകളിലും വിപണന കേന്ദ്രങ്ങൾ നടത്താൻ താല്പര്യമുള്ളവരുടെ സംഗമങ്ങൾ ചേർന്നിരുന്നു. ഇതിലൂടെ കേരളത്തിലെ 14 ജില്ലകളിൽ നിന്നുമായി 126 പുതിയ ഏജൻസികൾ ഓണക്കാലത്ത് കാഷ്യൂ കോർപ്പറേഷന് ലഭിച്ചു. കൂടാതെ 26 സഹകരണ സംഘങ്ങളുടെ നേതൃത്വത്തിലുള്ള ഔട്ട് ലൈറ്റുകൾ, കോർപ്പറേഷന്റെൻ്റെ 30 ഫാക്ടറി ഔട്ട് ലൈറ്റുകൾ, സഞ്ചരിക്കുന്ന വിപണന വാഹനം എന്നിവയിലൂടെയാണ് കോർപ്പറേഷന് 8 കോടി രൂപ സമാഹരിക്കാൻ കഴിഞ്ഞത്.

ഓണക്കാലത്ത് ആഭ്യന്തര വിപണിയിൽ ഇത്ര അധികം രൂപയുടെ വിപണനം നടക്കുന്നത് ആദ്യമായിട്ടാണ്. ഓണക്കാലത്ത് സ്പെഷ്യൽ ഐസ്ക്രീം കമ്പോളത്തിൽ ഇറക്കുന്ന വൻകിട സ്ഥാപനങ്ങളായ ബെനസ്ക്കാന്ത, സൂറത്ത് താവി, വിദ്യാ ഡയറി എന്നീ സ്ഥാപനങ്ങൾ ഈ ടെൻഡറിലൂടെ കാഷ്യൂ കോർപ്പറേഷൻ്റെ പരിപ്പാണ് വാങ്ങി ഉപയോഗിച്ചത്. കൂടാതെ കേരളത്തിനകത്തും പുറത്തുമുള്ള ലുലു മാളിൻ്റെ വിപണന കേന്ദ്രങ്ങളിലൂടെയും കോർപ്പറേഷൻ്റ കശുവണ്ടിപരിപ്പും മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളും വിറ്റഴിക്കപ്പെട്ടു.

ഓണക്കാലത്ത് ബന്ദിപ്പൂവ് കൃഷിയിലൂടെ കാഷ്യൂ കോർപ്പറേഷൻ ഒരു ടൺ പൂവ് ഇത്തവണ വിപണിയിൽ ഇറക്കി. ഓണക്കിറ്റിൽ നിറയ്ക്കുന്നതിനായി സംസ്ഥാനസർക്കാർ ചുമതലപ്പെടുത്തിയ നാല് ലക്ഷം കശുവണ്ടി പരിപ്പ് പാക്കറ്റുകൾ കൃത്യസമയത്ത് തന്നെ കോർപ്പറേഷൻ നൽകുകയുമുണ്ടായി.

ഓണക്കാലത്ത് ആരംഭിച്ച ഔട്ട്ലെറ്റുകളോടൊപ്പം കൂടുതൽ ഔട്ട്ലെറ്റുകൾ ആരംഭിച്ചുകൊണ്ട് ആഭ്യന്തര വിപണി ശക്തിപ്പെടുത്താനാണ് കാഷ്യൂ കോർപ്പറേഷൻ ലക്ഷ്യമിടുന്നതെന്ന് ചെയർമാൻ എസ് ജയമോഹനും മാനേജിംഗ് ഡയറക്ടർ സുനിൽ ജോൺ കെ യും അറിയിച്ചു.