കൊല്ലം, കൊട്ടാരക്കര താലൂക്കുകളില്‍ ഉള്‍പ്പെടുന്ന മൂന്ന് വില്ലേജുകള്‍ കുന്നത്തൂര്‍ താലൂക്ക് പരിധിയിലേക്ക് മാറ്റും: റവന്യൂ മന്ത്രി

Advertisement

കുന്നത്തൂര്‍ നിയോജകമണ്ഡലം പരിധിയില്‍ വരുന്നതും നിലവില്‍ കൊല്ലം, കൊട്ടാരക്കര താലൂക്കുകളില്‍ ഉള്‍പ്പെടുന്നതുമായ മൂന്ന് വില്ലേജുകള്‍ കുന്നത്തൂര്‍ താലൂക്ക് പരിധിയിലേക്ക് മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് റവന്യു മന്ത്രി കെ രാജന്‍. മണ്‍ട്രോതുരുത്ത്, കിഴക്കേ കല്ലട എന്നീ രണ്ടു വില്ലേജുകള്‍ കൊല്ലം താലൂക്കിലും പവിത്രേശ്വരം വില്ലേജ് കൊട്ടാരക്കര താലൂക്കിലും ആയിട്ടാണ് നിലനില്‍ക്കുന്നതെന്ന് കോവൂര്‍ കുഞ്ഞുമോന്റെ സബ്മിഷന് മറുപടിയായി അറിയിച്ചു.
കുന്നത്തൂര്‍ വില്ലേജുമായി അതിര്‍ത്തി പങ്കിടുന്ന പവിത്രേശ്വരം വില്ലേജ് പരിധിയില്‍ നിന്നും ആസ്ഥാനമായ കൊട്ടാരക്കരയിലേക്ക് ഏകേദശം 27 കി.മീ ദൂരമാണുള്ളത്. മണ്‍ട്രോതുരുത്ത്, കിഴക്കേ കല്ലട വില്ലേജ് പരിധിയില്‍ നിന്നും ആസ്ഥാനമായ കൊല്ലത്തേക്ക് 25 കി.മീ അധികം ദൂരവും. ഈ വില്ലേജുകളും കുന്നത്തൂര്‍ താലൂക്ക് പരിധിയിലേക്ക് മാറ്റുന്നത് പൊതുജനങ്ങള്‍ക്ക് ഏറെ പ്രയോജനകരവും സൗകര്യപ്രദവുമാണ്. കൂടാതെ ഇലക്ഷന്‍ സമയത്ത് ഈ മൂന്ന് വില്ലേജുകളിലെ ജീവനക്കാര്‍ക്ക് ഇലക്ഷന്‍ സംബന്ധമായ ആവശ്യങ്ങള്‍ക്ക് കുന്നത്തൂര്‍ താലൂക്ക് ആസ്ഥാനത്തേക്കും ഓഫീസ് സംബന്ധമായ ആവശ്യങ്ങള്‍ക്ക് യഥാക്രമം കൊട്ടാരക്കര, കൊല്ലം താലൂക്ക് ആസ്ഥാനത്തേക്കും പോകേണ്ടതായി വരുന്നു. അത് ഓഫീസ് സംവിധാനത്തെയും ബാധിക്കുന്നു. ചാര്‍ജ്ജ് ഓഫീസര്‍മാര്‍ക്ക് വില്ലേജുകളില്‍ പോകുന്നതിനും പരിശോധനകള്‍ നടത്തുന്നതിനും വില്ലേജ് ഓഫീസര്‍മാര്‍ക്കും ജീവനക്കാര്‍ക്കും മീറ്റിംഗുകള്‍ക്കും മറ്റുമായി താലൂക്ക് ഓഫീസില്‍ എത്തുന്നതിനും ദൂരക്കൂടുതല്‍ ബാധിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
കൊല്ലം താലൂക്ക് പരിധിയില്‍ ആകെ 31 വില്ലേജുകളും, കൊട്ടാരക്കര താലൂക്ക് പരിധിയില്‍ ആകെ 27 വില്ലേജുകളുമാണുള്ളത്. ഈ സാഹചര്യത്തില്‍ ഏഴ് വില്ലേജുകള്‍ മാത്രമുള്ള കുന്നത്തൂര്‍ താലൂക്കിലേക്ക് ഈ മൂന്ന് വില്ലേജുകള്‍ കൂട്ടി ചേര്‍ക്കുന്നത് താലൂക്കുകള്‍ക്ക് ഭരണപരമായി സൗകര്യപ്രദമാണെന്നും മന്ത്രി പറഞ്ഞു.
താലൂക്ക് വികസന സമിതിയില്‍ ഇതേ ആവശ്യം പലതവണ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. പൊതുജനങ്ങള്‍ നിരന്തരം ആവശ്യപ്പെടുന്നതിനാലും ഭരണ സൗകര്യാര്‍ത്ഥവും സേവനങ്ങള്‍ പൊതുജനങ്ങളിലേക്ക് വേഗമെത്തിക്കാന്‍ കഴിയുമെന്നതിനാലും പവിത്രേശ്വരം, കിഴക്കേ കല്ലട, മണ്‍ട്രോതുരുത്ത് വില്ലേജുകള്‍ കുന്നത്തൂര്‍ താലൂക്ക് പരിധിയിലേക്ക് കൊണ്ടുവരുന്നത് ഉചിതമാണെന്ന് കൊല്ലം ജില്ലാ കളക്ടര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഈ വിഷയം സംബന്ധിച്ച് ലാന്‍ഡ് റവന്യു കമ്മിഷണറില്‍ നിന്നും പ്രൊപ്പോസല്‍ ലഭ്യമാക്കി ഇക്കാര്യം പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുന്നതാണെന്ന് മന്ത്രി നിയമസഭയില്‍ മറുപടി നല്‍കി.

Advertisement