ഓച്ചിറയില്‍ ഇന്ന് കാളകെട്ടുല്‍സവം; ആഘോഷത്തിമിർപ്പിൽ ഓണാട്ടുകര

Advertisement

ഓച്ചിറ: ഓച്ചിറ പരബ്രഹ്മ സന്നിധിയിൽ 28-ാം ഓണ ഉത്സവത്തിന്റെ ഭാഗമായുള്ള കാളകെട്ടുത്സവം ഇന്ന് നടക്കും. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതോടെ ഓണാട്ടുകര ആഘോഷത്തിമിര്‍പ്പിലാണ്. ഉയരത്തിലും സൗന്ദര്യത്തിലും പരസ്പരം മത്സരിക്കുന്ന ചെറുതും വലുതുമായ കെട്ടുകാളകളാണ് പടനിലത്ത് എത്തുക. ഇത്തവണ 160-ഓളം കെട്ടുകാളകളാണ് ക്ഷേത്രത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ജീവത, നെറ്റിപ്പട്ടം, കുഞ്ചലം, വെഞ്ചാമരം, അലങ്കാരങ്ങള്‍ തുടങ്ങിയവ അണിയിച്ച നന്ദികേശന്മാര്‍ കുടമണികള്‍ കിലുക്കി പടനിലത്ത് എത്തുന്നത് കാണാന്‍ പതിനായിരങ്ങളാണ് പരബ്രഹ്‌മസവിധത്തില്‍ എത്തുക. ഓണാട്ടുകരയുടെ മുക്കും മൂലയും പരബ്രഹ്‌മസ്തുതികളാല്‍ മുഖരിതമാണ്.
ക്ഷേത്രവുമായി ബന്ധപ്പെട്ട വിവിധ കരകളിലെ സംഘടനകളും വ്യക്തികളും ഒരുക്കുന്ന കെട്ടുകാഴ്ചകളും കലാരൂപങ്ങളും വൈകീട്ട് ക്ഷേത്രമൈതാനിയില്‍ അണിനിരക്കും. 35-ഓളം സമിതികളുടെ കലാരൂപങ്ങളാണ് പടനിലത്ത് എത്തുന്നത്. ചെണ്ടമേളവും നിശ്ചലദൃശ്യങ്ങളും സാമൂഹിക പ്രതിബദ്ധതയുള്ള ദൃശ്യങ്ങളുമുണ്ടാകും.
ലക്ഷങ്ങള്‍ മുടക്കിയാണ് കെട്ടുകാളകളെ കരക്കാര്‍ അണിയിച്ചൊരുക്കിയത്. രാവിലെതന്നെ വാദ്യമേളങ്ങളുടെയും കലാപരിപാടികളുടെയും അകമ്പടിയോടെ ഘോഷയാത്രയായി നന്ദികേശന്മാരെ ഗ്രാമവീഥികളിലൂടെ ആനയിച്ച് വൈകീട്ട് ആറുമണിയോടെ പരബ്രഹ്‌മസന്നിധിയില്‍ എത്തിക്കും. കെട്ടുകാളകളുടെ ബാഹുല്യം കണക്കിലെടുത്ത് പ്രത്യേക ക്രമീകരണങ്ങള്‍ ഭരണസമിതിയും പോലീസും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വൈകീട്ട് ആറിനുമുമ്പുതന്നെ എല്ലാ കെട്ടുകാളകളെയും പടനിലത്ത് എത്തിക്കണം. ഇതിന്റെ ഭാഗമായി വലിയ നന്ദികേശന്‍മാരെ രാവിലെതന്നെ എഴുന്നള്ളിച്ച് പടനിലത്ത് നേരത്തേ എത്തിക്കാനുള്ള സാഹചര്യം പോലീസ് ഒരുക്കും. ഇതിനായി കാളകെട്ടുസമിതികള്‍ പരമാവധി സഹകരിക്കണമെന്ന് പോലീസ് അഭ്യര്‍ഥിച്ചിട്ടുണ്ട്.

പുലികളി നാളെ
ഓച്ചിറ പരബ്രഹ്‌മക്ഷേത്രത്തിലെ 28-ാം ഓണമഹോത്സവത്തിന്റെ ഭാഗമായി പ്രയാര്‍ പുലികളിസംഘത്തിന്റെ നേതൃത്വത്തില്‍ നാളെ പടനിലത്ത് പുലികളി അവതരിപ്പിക്കും. തൃശൂര്‍ സീതാറാം ദേശം പുലികളി സംഘത്തിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ എഴുപത്തിയഞ്ചോളം കലാകാരന്മാര്‍ പങ്കെടുക്കും. പുലികളിക്ക് പ്രസാദ് ആശാന്‍ നേതൃത്വം നല്‍കും. വൈകിട്ട് 3ന് പ്രയാര്‍ ജംഗ്ഷനില്‍ നിന്ന് ആരംഭിക്കുന്ന പുലികളി വൈകിട്ട് പരബ്രഹ്‌മക്ഷേത്രത്തില്‍ സമാപിക്കുമെന്ന് പുലിസംഘം ഭാരവാഹികളായ ദീപക് പ്രയാര്‍, ശ്യാംമോഹന്‍, ഷെമീന്‍, കെ.ആര്‍.വത്സന്‍ എന്നിവര്‍ അറിയിച്ചു.

Advertisement