എംഡിഎംഎ പിടികൂടിയ സംഭവം: ഒരാള്‍ കൂടി അറസ്റ്റില്‍

Advertisement

പുനലൂര്‍: ഒരുമാസം മുന്‍പ് പുനലൂരില്‍ നിന്നും 146 ഗ്രാം എംഡിഎംഎ പിടിച്ചെടുത്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. കുണ്ടറ ഇളമ്പള്ളൂര്‍ കുറ്റിച്ചിറ മണ്ണൂര്‍ കിഴക്കേതില്‍ വീട്ടില്‍ അഖില്‍ (24) ആണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം മൂന്നായി.
കഴിഞ്ഞമാസം 7ന് അര്‍ധരാത്രി പുനലൂര്‍ ടി.ബി. ജങ്ഷനില്‍, റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ ‘ഡാന്‍സാഫ്’ സംഘവും പുനലൂര്‍ പോലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് എംഡിഎംഎ പിടിച്ചെടുത്തത്. കുണ്ടറ സൂരജ് ഭവനില്‍ സൂരജ് (34), പവിത്രേശ്വരം ചെറുപൊയ്ക നൈനിക ഭവനത്തില്‍ നിതീഷ് (28)എന്നിവരെ അപ്പോള്‍ തന്നെ അറസ്റ്റ് ചെയ്തിരുന്നു. ബെംഗളൂരുവില്‍ നിന്നാണ് എംഡിഎംഎ കടത്തിക്കൊണ്ടുവന്നതെന്ന് പോലീസ് കണ്ടെത്തുകയും ചെയ്തു. ഈ പ്രതികളെ ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണ് മൂന്നാമനെ അറസ്റ്റ് ചെയ്തതെന്നും പ്രതികളെ ബെംഗളൂരുവിലെത്തിച്ച് തെളിവെടുപ്പ് നടത്തിയെന്നും പുനലൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ടി. രാജേഷ്‌കുമാര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം അറിയിച്ചു.