ജില്ലയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം; ജാഗ്രത പാലിക്കണം

Advertisement class="td-all-devices">

ജില്ലയില്‍ പത്ത് വയസ്സുള്ള ആണ്‍കുട്ടിക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. ഈ സാഹചര്യത്തില്‍ ജില്ലയില്‍ ജലാശയത്തില്‍ ഇറങ്ങുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും പൊതുജനങ്ങള്‍ ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.അനിത അറിയിച്ചു. കടുത്ത തലവേദനയും പനിയുമായി ഒക്ടോബര്‍ 12ന് കൊട്ടാരക്കര താലുക്കാശുപത്രിയില്‍ കുട്ടിയെ പ്രവേശിപ്പിച്ചിരുന്നു. 13ന് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റി. അവിടെ വച്ച് രോഗം സ്ഥിരീകരിക്കുകയായിരുന്നു. ജില്ലാതല ആര്‍ ആര്‍ ടി യോഗം ചേര്‍ന്ന് അടിയന്തര പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തു.
രോഗം റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്ത് ഉള്‍പ്പെടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ജലാശയങ്ങള്‍ക്കു സമീപം മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനും മൈക്ക് അനൗണ്‍സ്മെന്റ് നടത്താനും സ്‌കൂളുകള്‍ വഴി കുട്ടികള്‍ക്ക് ബോധവത്ക്കരണ സന്ദേശങ്ങള്‍ നല്‍കാനും തീരുമാനിച്ചു. ആരോഗ്യവകുപ്പ്, ദുരന്ത നിവാരണ അതോറിറ്റി, പാരിപ്പള്ളി മെഡിക്കല്‍ കോളേജ്, മറ്റ് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ആര്‍.ആര്‍.ടി യോഗത്തില്‍ പങ്കെടുത്തു
അമീബിക് മസ്തിഷ്‌ക ജ്വരം വരുന്ന സാഹചര്യം
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങി കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂര്‍വമായി ഉണ്ടാകുന്ന രോഗ ബാധയാണ് അമീബിക് മസ്തിഷ്‌ക ജ്വരം അഥവാ അമീബിക് എന്‍സെഫലൈറ്റിസ്. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ ,സാപ്പിനിയ, ബാലമുത്തിയ വെര്‍മമീബ എന്നീ അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്.
മൂക്കിനേയും മസ്തിഷ്‌കത്തേയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയിലുള്ള സുഷിരങ്ങള്‍ വഴിയോ കര്‍ണ്ണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എന്‍സെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. രോഗം മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരില്ല. വെള്ളത്തിലിറങ്ങുമ്പോള്‍ അടിത്തട്ടിലെ ചെളിയിലുള്ള അമീബ വെള്ളത്തില്‍ കലങ്ങുകയും മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു. രോഗാണുബാധ ഉണ്ടായാല്‍ ഒന്ന് മുതല്‍ പതിനാല് ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

പ്രാഥമിക ലക്ഷണങ്ങള്‍
തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദ്ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവ.
കുട്ടികളിലെ ലക്ഷണങ്ങള്‍
ഭക്ഷണം കഴിക്കാനുള്ള വിമുഖത, നിഷ്‌ക്രിയരായി കാണപ്പെടുക, സാധാരണമല്ലാത്ത പ്രതികരണങ്ങള്‍. രോഗം ഗുരുതരാവസ്ഥയിലായാല്‍ അപസ്മാരം, ബോധക്ഷയം, ഓര്‍മ്മക്കുറവ് എന്നിവയുണ്ടാകുന്നു. രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ എത്രയും വേഗം ചികിത്സ ലഭ്യമാക്കണം. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുകയോ നീന്തുകയോ ചെയ്തവര്‍ ആ വിവരം ഡോക്ടറെ അറിയിക്കണം.

പ്രതിരോധ മാര്‍ഗങ്ങള്‍

  • കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും ഡൈവ് ചെയ്യുന്നതും ഒഴിവാക്കണം.
  • വാട്ടര്‍ തീം പാര്‍ക്കുകളിലേയും സ്വിമ്മിങ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം.
  • സ്വിമ്മിങ് പൂളുകളില്‍ നീന്തുന്നവരും നീന്തല്‍ പഠിക്കുന്നവരും മൂക്കില്‍ വെള്ളം കടക്കാതിരിക്കാന്‍ നോസ് ക്ലിപ്പ് ഉപയോഗിക്കുകയോ, മൂക്കില്‍ വെള്ളം കയറാത്ത രീതിയില്‍ തല ഉയര്‍ത്തിപ്പിടിക്കുകയോ ചെയ്യുക.
  • നിലവിലെ സാഹചര്യത്തില്‍ കുളങ്ങള്‍ പോലുള്ള ജലസ്രോതസ്സുകളില്‍ കുളിക്കരുത്.
  • മലിനമായ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങി കുളിക്കുന്നതും, മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തില്‍ കഴുകുന്നതും പൂര്‍ണ്ണമായും ഒഴിവാക്കണം
    നീന്തല്‍ കുളങ്ങളില്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍
  • ആഴ്ചയില്‍ ഒരിക്കല്‍ വെള്ളം പൂര്‍ണ്ണമായും ഒഴുക്കി കളയണം.
  • സ്വിമ്മിങ് പൂളിന്റെ വശങ്ങളും തറയും ബ്രഷ് ഉപയോഗിച്ച് ഉരച്ച് കഴുകണം.
  • പ്രതലങ്ങള്‍ നന്നായി ഉണങ്ങാന്‍ അനുവദിക്കണം.
  • നീന്തല്‍ കുളങ്ങളിലെ ഫില്‍റ്ററുകള്‍ വൃത്തിയാക്കി ഉപയോഗിക്കണം. പുതിയതായി നിറയ്ക്കുന്ന വെള്ളം ക്ലോറിനേറ്റ് ചെയ്തതിന് ശേഷം ഉപയോഗിക്കണം.
  • വെള്ളത്തിന്റെ അളവിനനുസരിച്ച് അഞ്ച് ഗ്രാം ബ്ലീച്ചിംഗ് പൗഡര്‍ 1000 ലിറ്റര്‍ വെള്ളത്തിന് എന്ന അനുപാതത്തില്‍ ക്ലോറിനേറ്റ് ചെയ്യണം.
  • ക്ലോറിന്‍ ലെവല്‍ 0.5 പി.പി.എം മുതല്‍ 3 പി.പി.എം ആയി നിലനിര്‍ത്തണം.

LEAVE A REPLY

Please enter your comment!
Please enter your name here