ചാത്തന്നൂരിൽ മയക്കുമരുന്ന് സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍:ഒരാള്‍ക്ക് വെട്ടേറ്റു

Advertisement

ചാത്തന്നൂര്‍: മയക്കുമരുന്ന് വിപണന സംഘങ്ങള്‍ നടുറോഡില്‍ ഏറ്റുമുട്ടി. ഒരാള്‍ക്ക് വെട്ടേറ്റ് ഗുരുതര പരിക്ക്. കണ്ണേറ്റ സനോജ് മന്‍സിലില്‍ സനോജിനാണ് പരിക്കേറ്റത്. പ്രതികളായ ഇടനാട് ജയന്തി കോളനിയില്‍ ഷമീര്‍ (28), അമീര്‍ (26) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി 9.45ന് ശീമാട്ടി ജങ്ഷനില്‍ വച്ചായിരുന്നു സംഭവം. സനോജ് ശീമാട്ടി ജങ്ഷനിലെ കടയില്‍ നിന്ന് സാധനം വാങ്ങി മടങ്ങവേ മുന്‍ വൈരാഗ്യത്തിന്റെ അടിസ്ഥാനത്തില്‍ സ്‌കൂട്ടറില്‍ എത്തിയ അമീര്‍ വടിവാള്‍ കൊണ്ട് സനോജിനെ വെട്ടുകയായിരുന്നു. ആക്രമണത്തില്‍ ഇയാളുടെ കൈപ്പത്തി അറ്റുപോയി. തുടര്‍ന്ന്് പരിക്കേറ്റ സനോജിനെ നാട്ടുകാരും പോലീസും ചേര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജിലും അവിടെ നിന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. 14 ഓളം മയക്കുമരുന്ന് കേസുകളില്‍ കാപ്പ ചുമത്തി നാട് കടത്തിയ ശേഷം ജാമ്യത്തില്‍ നില്‍ക്കുന്ന പ്രതിയായിരുന്നു സനോജ്. മോഷണ കേസില്‍ അടക്കം നിരവധി മയക്കുമരുന്ന് വിപണന കേസുകളിലെ പ്രതികളാണ് അമീറും ഷമീറും. ശീമാട്ടി ജങ്ഷനില്‍ ഓട്ടോ റിക്ഷ ഓടിക്കുന്നതിന്റെ മറവില്‍ ഒരുമിച്ച് മയക്കുമരുന്ന് കച്ചവടം നടത്തി വന്ന ഇരുസംഘങ്ങളും സനോജ് ജയിലില്‍ ആയതിനെ തുടര്‍ന്ന് സ്വന്തം നിലയില്‍ കച്ചവടം ആരംഭിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിനിടയാക്കിയത്. സനോജ് അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.