കൊല്ലം: മാരക ലഹരി മരുന്നായ എംഡിഎംഎയുമായി യുവതി അടക്കം അഞ്ച് പേര്‍ കൊട്ടിയം പോലീസിന്റെ പിടിയിലായി. കിഴവൂര്‍, ഫൈസല്‍ വില്ലയില്‍ ഫൈസല്‍ (29), കരീപ്ര, കുഴിമതിക്കാട്, മാവിള വീട്ടില്‍ വിപിന്‍ (32), കണ്ണൂര്‍, ചെമ്പിലോട്, ആരതിയില്‍ മകള്‍ ആരതി (30), കിളികൊല്ലൂര്‍, പ്രഗതി നഗര്‍-51, മുന്നാസില്‍ ബിലാല്‍ (35), കല്ലുവാതുക്കല്‍, പാമ്പുറം,
എസ്.എസ് ഭവനില്‍ സുമേഷ് (26) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
കൊല്ലം നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ വിലപ്പനയ്ക്കായി എത്തിച്ച 4.37 ഗ്രാം എംഡിഎംഎയാണ് പോലീസ് സംഘം നടത്തിയ പരിശോധനയില്‍ ഒന്നാം പ്രതിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്തത്. ബിലാലും സുമേഷും ചേര്‍ന്നാണ് മയക്ക് മരുന്ന് എത്തിച്ചത്. 2 ഗ്രാം കഞ്ചാവും ഇവരില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.
മയക്ക് മരുന്ന് മാഫിയാ സംഘങ്ങളെ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് മയക്ക്മരുന്ന് പിടികൂടിയത്. കൊട്ടിയം ഇന്‍സ്‌പെക്ടര്‍ സുനിലിന്റെ നേതൃത്തില്‍ എസ്‌ഐ ഷിഹാസ്, എഎസ്‌ഐ ഫിറോസ്ഖാന്‍, എസ്‌സിപിഓമാരായ സജു, സീനു, മനു, സിപിഒ മാരായ പ്രവീണ്‍ചന്ദ്, സന്തോഷ്‌ലാല്‍, ഷമീര്‍ എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്.