അയല്‍വാസിയെ കിണറ്റില്‍ തള്ളിയിട്ട്കൊലപ്പെടുത്തിയ കേസ്; പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്

Advertisement

കൊല്ലം: അഞ്ചലില്‍ അയല്‍വാസിയെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് പത്ത് വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. അഞ്ചല്‍ തടിക്കാട് നാസിലാ മന്‍സിലില്‍ മൊയ്തീന്‍ കണ്ണ് മകന്‍ ഇക്ബാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഇടമുളയ്ക്കല്‍ തടിക്കാട് വായനശാല മുക്കില്‍ താന്നിവിള വീട്ടില്‍ റഹീം (56) ഇയാളുടെ സഹോദരന്‍ ഷെരീഫ് (48) എന്നിവരെയാണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ബിന്ദു സുധാകരന്‍ ശിക്ഷിച്ചത്.  
2017 സെപ്റ്റംബര്‍ 2-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇക്ബാലിന്റെ കുടുംബ വീട്ടിലേക്കുള്ള വഴിത്തര്‍ക്കത്തെത്തുടര്‍ന്ന് പ്രതികളും ഇക്ബാലുമായി ശത്രുത നിലനിന്നിരുന്നു. സംഭവം ദിവസം രാത്രി ഒന്‍പതോടെ ഇക്ബാല്‍ കുടുംബ വീട്ടിലെത്തി മാതാപിതാക്കളെ കണ്ട് മടങ്ങുന്ന വഴി പ്രതികളുടെ വീടിന് സമീപത്ത് വെച്ച് ഇയാളെ തടഞ്ഞ് നിര്‍ത്തി. ഇതിനിടെയുണ്ടായ വഴക്കിനെത്തുടര്‍ന്ന് പ്രതികള്‍ ചേര്‍ന്ന് ഇക്ബാലിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. അഞ്ചല്‍ പോലീസാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജയ കമലാസനന്‍ ഹാജരായി.